ആർ.എസ്.എസുമായി ചർച്ച നടത്തി ജമാഅത്തെ ഇസ്ലാമി

Wednesday 15 February 2023 12:08 AM IST

ന്യൂഡൽഹി:ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വെളിപ്പെടുത്തൽ. ജനുവരി 14ന് ന്യൂഡൽഹിയിൽവച്ച് ആർ.എസ്.എസിന്റെ രണ്ടാം നിര നേതാക്കളുമായാണ് ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി. ആരീഫ് അലിയാണ് ഇക്കാര്യം പറഞ്ഞത് . മുൻ ഇലക്ഷൻ കമ്മിഷണർ എസ്. വൈ ഖുറേഷിയാണ് മുൻകൈ എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഖുറേഷി, ഡൽഹി മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജങ്ങ്, ഷാഹിസ് സിദ്ധിഖി, സയ്യിദ് ഷെർവാണി എന്നിവർ 2022 ആഗസ്റ്റിൽ ആർ.എസ്.എസ് സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവതുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ജമാഅത്തെ ഇസ്ലാമിയുമായുമായുള്ള ചർച്ച. ചർച്ചകൾ തുടരുമെന്നും ആർ.എസ്.എസിന്റെ പ്രധാന നേതാക്കൾ അടുത്ത ചർച്ചയിൽ പങ്കെടുക്കുമെന്നും ആരിഫലി പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങൾ, കയ്യേറ്റങ്ങളുടെ പേരിലുളള ബുൾഡോസർ ഒഴിപ്പിക്കൽ, നിരപരാധികളുടെ അറസ്റ്റ് എന്നീ പ്രശ്നങ്ങൾ ആർ.എസ്.എസ് നേതൃത്വത്തിന് മുന്നിൽ വെച്ചു. കാശി, മഥുര ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ ആർ.എസ്.എസ് നേതൃത്വവും ഉന്നയിച്ചു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്

ബി.ജെ.പി 8 മണ്ഡലങ്ങളിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു ഗണ്യമായ പിന്തുണയുള്ള 60 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നാൻ ബിജെപി നീക്കം. കേരളത്തിലെ എട്ട് മണ്ഡലങ്ങളും ഇതിലുൾപ്പെടും. ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയുടെ നിർദ്ദേശപ്രകാരം ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.

കേരളത്തിലെ എട്ട് മണ്ഡലങ്ങളുടെ

ചുമതല വിവിധ നേതാക്കൾക്ക് നൽകി. അഡ്വ. ജോജോ ജോസ് (കോട്ടയം), അഡ്വ. നോബിൾ മാത്യു (പത്തനംതിട്ട), ഡോ. അബ്ദുൽ സലാം (കോഴിക്കോട്), സുമിത് ജോർജ് (ഇടുക്കി), അനീഷ് ആന്റണി (വയനാട്, കാസർക്കോട്) നിതിൻ ജേക്കബ് (വടകര, മലപ്പുറം) എന്നിങ്ങനെയാണ് ചുമതല നൽകിയത്.

. നിശ്ചയിച്ച എല്ലാ ലോക് സഭ മണ്ഡലങ്ങളിലും 500 ബൂത്തുകളിൽ കുറഞ്ഞത് 10 ന്യൂനപക്ഷ കേഡർമാരെ നിയമിക്കാനാണ് മറ്റൊരു നിർദേശം.

Advertisement
Advertisement