കളക്ഷൻ ടാർജറ്റ് തികച്ചാൽ 5ന് മുമ്പ് ശമ്പളം, കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് നിർദ്ദേശം

Wednesday 15 February 2023 2:15 AM IST

തിരുവനന്തപുരം: പ്രതിദിന വരുമാനം 8 കോടി ലക്ഷ്യമിട്ട് ഓരോ ഡിപ്പോയ്ക്കും നിശ്ചയിച്ച് നൽകിയ കളക്ഷൻ ടാർജറ്റിൽ ലക്ഷ്യം കൈവരിക്കുന്ന ‌ഡിപ്പോകൾക്ക് അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സി തീരുമാനം. ഏപ്രിൽ മുതൽ കർശനമാക്കും.

ഡിപ്പോകൾക്ക് ടാർജറ്റ് നിശ്ചയിച്ച് നൽകിയതിലൂടെ പ്രതിമാസം 240 കോടിയാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് 2022 മേയിൽ തയ്യാറാക്കി ഡിപ്പോകൾക്ക് നൽകിയിരുന്നു. ഇക്കാര്യം മേയ് 26ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.

2022 ഏപ്രിലിൽ കളക്ഷൻ 165 കോടിയായിരുന്നു. അവിടെ നിന്നും കളക്ഷനിൽ വലിയ കുതിപ്പുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ കളക്ഷൻ 224 കോടിയാണ്. 4561 ബസുകൾ നിരത്തിലിറക്കിയാൽ പ്രതിദിനം 8 കോടിയിൽ കൂടുതൽ കളക്ഷൻ ലഭിക്കുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. നിലവിൽ ശരാശരി 4200 ബസുകളാണ് സർവീസ് നടത്തുന്നത്.

തിരുവനന്തപുരം സിറ്റി ഡിപ്പോയ്ക്കാണ് ഏറ്റവും ഉയർന്ന ടാർജറ്റ്. 174 ബസുകളിൽ നിന്നും പ്രതിദിനം 31.32 ലക്ഷം രൂപ. രണ്ടാമത് തിരുവനന്തപുരം സെൻട്രലും കോഴിക്കോടുമാണ്. 21.42 ലക്ഷം വീതം. 119 ബസുകൾ വീതമാണ് ഇവിടങ്ങളിലുള്ളത്. ആലപ്പുഴ, ആറ്റിങ്ങൽ, ചേർത്തല, പയ്യന്നൂർ, പാപ്പനംകോട്, സുൽത്താൻ ബത്തേരി, തലശ്ശേരി, തൃശൂർ, വികാസ്ഭവൻ, കണ്ണൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, മാനന്തവാടി, നെയ്യാറ്റിൻകര, പാല, എറണാകുളം, കാസർകോട്, കിളിമാനൂർ ഡിപ്പോകൾ പ്രതിദിനം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിൽ കളക്ഷൻ നേടണം.

ആക്ഷൻ പ്ലാൻ

തിരക്കുള്ളപ്പോൾ കൂടുതൽ സർവീസ്

ഏകോപനം ഡിപ്പോ മേധാവിക്ക്

ഇവരുടെ മേൽനോട്ടം മേഖലാ മേധാവിക്ക്

Advertisement
Advertisement