സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നു:വി.ഡി.സതീശൻ

Wednesday 15 February 2023 12:18 AM IST

തിരുവനന്തപുരം: ഇടത് കൈയിലൂടെ പെൻഷൻ നൽകി വലത് കൈ കൊണ്ട് പോക്കറ്റടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും സമാധാനപരമായി സമരം ചെയ്യുന്നത് ദൗർബല്യമായി കണ്ടാൽ സർക്കാരിന്റെ മുഖംമൂടി ജനങ്ങൾക്ക് മുന്നിൽ വലിച്ചു കീറുന്ന സമരങ്ങളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപനം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഡ്ജറ്റിനെതിരെ ഇത്രവലിയ ജനരോഷം ചരിത്രത്തിലാദ്യമാണ്. സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മറച്ച് ജനങ്ങൾക്ക് മേൽ 4000 കോടിയുടെ നികുതി അടിച്ചേൽപ്പിച്ചതിനെതിരെയാണ് യു.ഡി.എഫ് സമരം. എൻ.കെ.പ്രേമചന്ദ്രൻ പാർലമെന്റിൽ ചോദിച്ച മൂന്ന് ചോദ്യത്തിലും തെറ്റില്ല. പക്ഷേ കേന്ദ്ര ധനമന്ത്രി പറഞ്ഞത് ജി.എസ്.ടി കോമ്പൻസേഷൻ രേഖകൾ കേരളം സമർപ്പിച്ചില്ലെന്നാണ്. യഥാർത്ഥത്തിൽ അത് ശരിയല്ല. ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഇനി 750 കോടിയേ കിട്ടാനുള്ളുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എം.ഹസൻ, പാലോട് രവി, അടൂർ പ്രകാശ് എം.പി, എം.വിൻസന്റ് എം.എൽ.എ, എൻ.ശക്തൻ, ബീമാപള്ളി റഷീദ്, കെ.പി.ശ്രീകുമാർ, ജി.സുബോധൻ, വി.എസ്.ശിവകുമാർ, ശരത് ചന്ദ്രപ്രസാദ്, വർക്കല കഹാർ, എം.എ.വാഹിദ്, നെയ്യാറ്റിൻകര സനൽ, ആനാട് ജയൻ, മണക്കാട് സുരേഷ്, കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങിയവർ പങ്കെടുത്തു.