കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം തുടങ്ങി
Wednesday 15 February 2023 12:24 AM IST
തിരുവനന്തപുരം: എസ്.ബി.ഐയിൽ നിന്ന് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തും എണ്ണക്കമ്പനികൾക്ക് പണം നൽകുന്നത് തത്കാലം നിറുത്തിയതിലൂടെ ലഭിച്ച 10 കോടിയും ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വിതരണം തുടങ്ങി. 74 കോടി രൂപയാണ് വേണ്ടത്. സർക്കാർ സഹായം വൈകുന്നതാണ് പ്രതിസന്ധിയിലാക്കിയത്. അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്നും 10 കോടി രൂപ വായ്പ എടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും തുക കിട്ടിയില്ല. 11% പലിശ വേണമെന്നും സർക്കാർ ഗ്യാരന്റി വേണമെന്നും സഹകരണ സംഘം ആവശ്യപ്പെട്ടു. 8.5% പലിശ നൽകാമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇന്ന് അന്തിമ തീരുമാനമുണ്ടാകും. എണ്ണക്കമ്പനികൾക്ക് ദിവസം മൂന്നുകോടിയോളമാണ് നൽകേണ്ടത്. നാലുദിവസമായി ഇത് നിറുത്തിവച്ചിരിക്കുകയാണ്.