കെ.എസ്.ആർ.ടി.സി പെൻഷൻ: 50% നൽകണം

Wednesday 15 February 2023 12:25 AM IST

കൊച്ചി: പെൻഷൻ ആനുകൂല്യങ്ങൾ തേടി കോടതിയെ സമീപിച്ചവരുടെ 50 ശതമാനം ആനുകൂല്യങ്ങളെങ്കിലും ഉടൻ നൽകിയാലേ ഇതുമായി ബന്ധപ്പെട്ട കെ.എസ്.ആർ.ടി.സിയുടെ പുനപ്പരിശോധനാ ഹർജി പരിഗണിക്കൂവെന്ന് ഹൈക്കോടതി. ഇതുവരെ വിരമിച്ച 978 ജീവനക്കാർക്കും ഒരു ലക്ഷം രൂപാ വീതം നൽകാമെന്ന കെ.എസ്.ആർ.ടി.സി നിർദ്ദേശം തള്ളിയാണ് ഇടക്കാല ഉത്തരവ്.

ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് ഹർജി 28ലേക്ക് മാറ്റി.

മൂന്ന് വിഭാഗമായി തിരിച്ച് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന കോടതി നിർദ്ദേശം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ 68.24 കോടി വേണം. നിലവിലെ സ്ഥിതിയിൽ 10 കോടിയലധികം നൽകാനാവില്ലെന്നും വ്യക്തമാക്കി. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ എല്ലാമാസത്തെയും വരുമാനത്തിൽ നിന്ന് പത്ത് ശതമാനം നീക്കിവയ്ക്കണമെന്ന നിർദ്ദേശം മാനേജ്‌മെന്റ് പാലിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജീവനക്കാർ ജോലിചെയ്തുണ്ടാക്കുന്ന തുക, 3200 കോടി വരുന്ന ബാങ്ക് വായ്പയുടെ പലിശയടയ്ക്കാനാണ് ഉപയോഗിക്കുന്നത്. പെൻഷൻ വിതരണം നിലച്ചത് ചോദ്യം ചെയ്ത് വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.