സി.പി.ആർ പരിശീലനം അനിവാര്യമെന്ന് ഗവർണർ

Wednesday 15 February 2023 12:40 AM IST

കൊച്ചി: കുഴഞ്ഞു വീണുള്ള മരണങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ സമൂഹം സി.പി.ആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) പരിശീലനം നേടേണ്ടത് അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനങ്ങൾക്ക് സി.പി.ആർ പരിശീലനം നൽകുന്ന ഹാർട്ട് കെയർ ഫൗണ്ടേഷന്റെ 'സേവ് എ ലൈഫ്, സേവ് എ ലൈഫ്‌ടൈം' പദ്ധതി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹൃദ്രോഗമാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്നത്. ലോകം മുഴുവൻ സി.പി.ആർ പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകിയിരിക്കുകയാണിപ്പോൾ. സമയോചിതമായി സി.പി.ആർ ഉൾപ്പടെയുള്ള പ്രഥമശുശ്രൂഷ നൽകിയിരുന്നെങ്കിൽ 30 ശതമാനം പേരെയെങ്കിലും രക്ഷിക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.

ആരോഗ്യമേഖലയിൽ പോലും സി.പി.ആർ പരിശീലനം നേടിയവരുടെ എണ്ണം വളരെ കുറവാണെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരം പേർക്കും പിന്നീട് ഓരോ ജില്ലയിലും ആയിരം പേർക്കും പരിശീലനം നൽകുകയാണ് ലക്ഷ്യം. അവരിലൂടെ സമൂഹത്തിന് മുഴുവൻ പരിശീലനം നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.പി.സി.എൽ. എക്‌സിക്യുട്ടിവ് ഡയറക്ടർ കെ. അജിത്കുമാർ, ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അൽഫോൺസ വിജയ ജോസഫ്, ഡോ. ജോ ജോസഫ് എന്നിവർ സംസാരിച്ചു.