സിനാഷയ്ക്ക് തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്റോവ്‌മെന്റ് അവാര്‍ഡ്

Wednesday 15 February 2023 12:55 AM IST

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റ് - കൊല്‍ക്കത്ത കൈരളീസമാജം എന്റോവ്‌മെന്റ് അവാര്‍ഡ് സിനാഷയുടെ 'വസന്തം എന്ന പെണ്‍കുട്ടിയ്ക്ക്' .15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 16ന് വൈകിട്ട് തുഞ്ചന്‍ ഉത്സവ സമാപന സമ്മേളനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും. കാസര്‍കോട് ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിനാഷ ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. ഉജ്ജ്വലബാല്യം പുരസ്‌കാരം, കോമണ്‍വെല്‍ത്ത് അവാര്‍ഡ്, എന്‍.എന്‍. കക്കാട് അവാര്‍ഡ്, ഭീമ-സ്വാതികിരണ്‍ അവാര്‍ഡ് എന്നിവയടക്കം ഇരുപതോളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശ്രീകുമാറിന്റെയും സ്മിതയുടെയും മകളാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, പി.കെ.ഗോപി, മണമ്പൂര്‍ രാജന്‍ബാബു എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്. 55 കവിതകളുടെ സമാഹാരമാണ് 'വസന്തം എന്ന പെണ്‍കുട്ടി'.