കരാർ മേഖലയിലെ പ്രതിസന്ധി ​: സർക്കാർ ഇടപെടണമെന്ന് ആവശ്യം

Wednesday 15 February 2023 12:22 AM IST

കൊല്ലം : കരാർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാകമ്മിറ്റി പ്രസിഡന്റ് എസ്.ബൈജു ആവശ്യപ്പെട്ടു. ജില്ലയിൽ പാറ ഉത്പന്നങ്ങൾ,​ സിമെന്റ്, കമ്പി, മുതലായവയ്ക്ക് ദിവസേന വില കുതിച്ചുയരുകയാണ്. പല ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും ഇപ്പോൾ പാസ് ഇല്ല. റോഡിലിറങ്ങിയാൽ പൊലീസ് വെഹിക്കിൾ പരിശോധനയും അമിതമായ പിഴകൾ ഈടാക്കലുമാണ്. തദ്ദേശസ്വയംഭരണ വകുപ്പിലെ വർക്കുകൾ ചെയ്ത് തീർക്കാനുള്ള കാലാവധി മാർച്ച് മാസമാണ്. പല ഓഫീസുകളിലും പണികൾ പൂർത്തിയാക്കി ബില്ലുകൾ ട്രഷറിയിൽ കൊടുക്കണമെങ്കിൽ കുറഞ്ഞത് 15 ദിവസമെങ്കിലും വേണ്ടിവരും. ജില്ലയിൽ ആകെ 40 ശതമാനം വർക്കുകളാണ് ഇതുവരെ പൂർത്തിയായത്. മെറ്റീരിയൽസ് കിട്ടാതെ കരാറുകാർ നെട്ടോട്ടത്തിലാണ്.

ജില്ലയിൽ മീന്ന് വർഷമായി ടാറിംഗ് വർക്കുകൾക്ക് സീവ് അനാലിസസ് ചെയ്ത് റിസൾട്ട് ഇല്ലെന്ന കാരണം പറഞ്ഞ് പല ബില്ലുകളും തടഞ്ഞു വച്ചിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ അസോസിയേഷൻ പൊതുമരാമത്ത് മന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതികൾ നൽകിയിട്ടും ഇതുവരെ ഒരു നടപടികൾ ഉണ്ടായിട്ടില്ല. ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാപ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി ദിലീപ്, സുനിൽദത്ത്, എൻ.ടി.പ്രദീപ്, സുരേഷ്‌കുമാർ, ഷിബി, സലീം, ഗോപി, അനിൽകുമാർ, അനീഷ്, രാമൻപിള്ള തുടങ്ങിയവർ സംസാരിച്ചു.