കൃത്രിമ കൈകാലുകൾ വിതരണം ചെയ്ത് ഐ.ആർ.ഇ.എൽ

Wednesday 15 February 2023 12:22 AM IST
ഐആർ ഇ എൽ വിതരണം ചെയ്തെ കൈകാലുകൾ ലഭിച്ചവർ ഉദ്യോഗസ്ഥരോടൊപ്പം

ചവറ: അപകടത്തിൽ കൈകാലുകൾ നഷ്ടമായവർക്ക് അത്യാധുനിക കൃത്രിമ കൈകാലുകൾ വിതരണം ചെയ്ത് ഐ.ആർ.ഇ.എൽ (ഇൻഡ്യ) ലിമിറ്റഡ്. ന്യൂഡൽഹിയിലെ ഗ്രീൻടെക് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യയിലുടനീളം 42 പേർക്കാണ് നിർമ്മിത ബുദ്ധി ഉപയോഗിച്ച് ചലിപ്പിക്കാനാകുന്ന കൃത്രിമ കൈകാലുകൾ സൗജന്യമായി ഘടിപ്പിച്ചു നൽകിയത്. അതിൽ ചവറ, മണവാളക്കുറിച്ചി മേഖലകളിൽനിന്നുള്ള 12 പേർക്ക് ചവറയിൽ നടന്ന ചടങ്ങിൽ ഐ.ആർ.ഇ.എൽ സി.എം.ഡി ദീപേന്ദ്ര സിംഗ് നേരിട്ട് കൃത്രിമ കൈകാലുകളും അവയുടെ വാറണ്ടി കാർഡും കൈമാറി. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് ചവറ മേഖലയിൽ നിന്നായിരുന്നു. ഒരാൾക്ക് കൃത്രിമ കയ്യും മറ്റ് 11 പേർക്ക് കൃത്രിമ കാലുകളുമാണ് നൽകിയത്. രണ്ടുപേർ സ്ത്രീകളാണ്. നാലും അഞ്ചും തവണ സാധാരണ കൃത്രിമകാലുകൾ ഘടിപ്പിച്ച് നിരാശരായവരുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഐ.ആർ.ഇ.എൽ (ചവറ) യൂണിറ്റ് മേധാവി ആർ.വി.വിശ്വനാഥ്, ഗ്രീൻടെക് ഫൗണ്ടേഷൻ ചെയർമാനും സി.ഇ.ഒയുമായ കെ. ശരൺ, ഐ.ആർ.ഇ.എൽ ടെക്‌നിക്കൽ വിഭാഗം മേധാവി കെ.വി.രാമകൃഷ്ണ, ആലുവ യൂണിറ്റ് മേധാവി എ.വീരമണി, ജനറൽ മാനേജർ (സെയിൽസ്) എൻ.എസ്. അജിത്, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർഎം) ഡി. അനിൽകുമാർ, ചീഫ് മാനേജർ (റിസോഴ്‌സസ്) കെ.എസ്. ഭക്തദർശൻ, ഡെപ്യൂട്ടി മാനേജർ (റിസോഴ്‌സസ്) വി. അജികുമാർ എന്നിവർ സംസാരിച്ചു.