റെയിൽവേ സ്റ്റേഷൻ നവീകരണം ആദ്യഘട്ടം അതിവേഗം
കൊല്ലം: വേഗതയിൽ പുരോഗമിക്കുകയാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തികൾ. 27,500 സ്ക്വയർ ഫീറ്റ് വരുന്ന സർവീസ് ബിൽഡിംഗിന്റെ നിർമ്മാണമാണ് നിലവിൽ പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനലിന്റെ പ്രവേശന കവാടത്തിൽ ആഴത്തിൽ മണ്ണ് നീക്കി ഫൗണ്ടേഷൻ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ നടന്നുവരുന്നു. മണ്ണിന്റെ ബലക്കുറവ് കാരണമാണ് ആഴത്തിൽ മണ്ണു നീക്കി ഫൗണ്ടേഷൻ ഇടുന്നത്. അടിഭാഗം പൂർണ്ണമായി കോൺക്രീറ്റ് ചെയ്യും. മൂന്നു നിലകളോട് കൂടിയ ഈ കെട്ടിടം വേഗതയിൽ പണിതീർക്കാനാണ് ശ്രമം. കെട്ടിടം പൂർത്തിയാകുന്നതോടെ നിലവിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. ആർ.പി.എഫ് ഓഫീസ്, കോടതി, ഇലക്ട്രിക്കൽ വിഭാഗം തുടങ്ങിയവയാണ് ഈ കെട്ടിടത്തിലേക്ക് മാറ്റുക.
ഗാംഗ് റെസ്റ്റ് റൂമിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിട്ടുണ്ട്. സബ്സ്റ്റേഷൻ, എസ്.എസ്.സി ബിൽഡിംഗ്, മൾട്ടി ലെവൽ കാർ പാർക്കിംഗിനുള്ള നിർമ്മാണ ജോലികളും ഈ ഭാഗത്ത് ആരംഭിക്കാനുളള ആദ്യ ഘട്ട ജോലികളും പുരോഗമിക്കുന്നു.
എസ്.എം.പി പാലസ് റോഡിലെ റെയിൽവേ ഭൂമിയിൽ ലേബർ ക്യാമ്പ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജോലിക്കാർക്കുള്ള താമസ സൗകര്യം, നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കാനുള്ള ഗോഡൗൺ, മിക്സിംഗ് പ്ളാന്റ്, ടെസ്റ്റിംഗ് ലാബ്, ഓഫീസ് തുടങ്ങിയവയ്ക്കായി താത്കാലിക സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 2026 ൽ ജോലികൾ പൂർത്തിക്കും വിധം വേഗതയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായിട്ടാവും നിർമ്മാണം പൂർത്തിയാകുക.
.................................................................................................................................................
ജോലികൾ വേഗതയിൽ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും.
അനിൽകുമാർ,
അസി. മാനേജർ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, കരാർ കമ്പനി.