ജില്ലയിലെ ആനവണ്ടികൾക്ക് ഒരുമാസത്തിനകം സിംഗിൾ ഡ്യൂട്ടി പരിഷ്കാരം

Wednesday 15 February 2023 12:35 AM IST

 മൂന്നൂറോളം ഓർഡിനറി ഷെഡ്യൂളുകൾ 450ന് മുകളിലേക്ക് ഉയരും

കൊല്ലം: ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഒരുമിച്ച് ഒരുമാസത്തിനകം സിംഗിൾ ഡ്യൂട്ടി പരിഷ്കാരം നിലവിൽ വരും. ഇതോടെ, നിലവിലെ മൂന്നൂറോളം ഓർഡിനറി ഷെഡ്യൂളുകൾ 450 ആയി ഉയരും. ഇതിനായുള്ള ഷെഡ്യൂൾ പുനക്രമീകരണം എല്ലാ ഡിപ്പോകളിലും പൂർത്തിയായി.

സിംഗിൾ ഡ്യൂട്ടി സംവിധാനം പരീക്ഷണാർത്ഥം നടപ്പാക്കിയ തിരുവനന്തപുരത്തെ ഡിപ്പോകളിൽ വൻ വിജയമാണെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ അവകാശവാദം. ഡബിൾ ഡ്യൂട്ടി ഓർഡിനറി ഷെഡ്യൂളുകൾക്ക് 8000 രൂപ മുതൽ 12000 രൂപ വരെയായിരുന്നു ശരാശരി വരുമാനം. ഇവ വിഭജിച്ച് സിംഗിൾ ഡ്യൂട്ടികളാക്കിയതോടെ ഒരു ഷെഡ്യൂളിന് മാത്രം 9000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇങ്ങനെ ഓർഡിനറി ഷെഡ്യൂളുകളിൽ നിന്നുള്ള വരുമാനം ഇരട്ടിയോളമായി. നേരത്തെ പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച് ഭൂരിഭാഗം സർവ്വീസുകളും ഒമ്പത് മണിയോടെ അവസാനിക്കുമായിരുന്നു. സിംഗിൾ ഡ്യൂട്ടിയാക്കിയതോടെ പുലർച്ചെ നാല് മുതൽ സർവീസുകൾ ആരംഭിച്ച് തുടങ്ങി. ഇതിന് പുറമേ രാത്രി 11 വരെ നിരത്തിൽ ബസുണ്ടാകുന്ന അവസ്ഥയുണ്ടായെന്നും അധികൃതർ വിശദീകരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ആറ് ഡിപ്പോകളിൽ നിലവിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കാരം നിലവിൽ വന്നു. സിറ്റി സെൻട്രൽ ഡിപ്പോകൾ ഒഴികെ ആറിടത്ത് കൂടി ഇനി നടപ്പാകാനുണ്ട്. അവിടെക്കൂടി ആരംഭിച്ച ശേഷം കൊല്ലത്ത് പരിഷ്കാരം നടപ്പാക്കാനാണ് തീരുമാനം.

എതിർപ്പുമായി സംഘടനകൾ

സിംഗിൾ ഡ്യൂട്ടി പരിഷ്കാരെ പൊതുവെ യാത്രക്കാർക്ക് ഗുണകരമാണെങ്കിലും കെ.എസ്.ആർ.ടി.സിയിലെ സർവീസ് സംഘടനകൾ ശക്തമായ എതിർപ്പ് തുടരുകയാണ്. ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ഒരു ജീവനക്കാരൻ ആഴ്ചയിൽ മൂന്ന് ദിവസം ജോലിക്കെത്തിയാൽ മതി. എന്നാൽ, സിംഗിൾ ഡ്യൂട്ടിയിൽ ആറ് ദിവസം ജോലി ചെയ്യണം. ഇതിന് പുറമെ ആകെ ജോലി സമയം എട്ട് മണിക്കൂർ കണക്കാക്കിയാണ് ഷെഡ്യൂളുകൾ പുനക്രമീകരിക്കുന്നത്. ഇതിനിടയിലെ വിശ്രമ സമയം ഡ്യൂട്ടിയായി കണക്കാക്കാത്തതിനാൽ 12 മണിക്കൂർ ആകെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടെന്നും സർവീസ് സംഘടനാ നേതാക്കൾ പറയുന്നു. എന്നാൽ, എട്ട് മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടി സമയമുള്ള സർവീസുകൾക്ക് അധികമായി ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നൽകുന്നുണ്ടെന്നും അധികൃതർ പറയുന്നു.