റണ്ണിംഗ് കോൺട്രാക്ട് രണ്ടാം ഘട്ടത്തിനും അനുമതി; 23,843 കിലോമീറ്റർ റോഡ് മിനുങ്ങും

Wednesday 15 February 2023 1:34 AM IST

തിരുവനന്തപുരം:ഗട്ടറുകളും വെള്ളക്കുഴികളും അപകടങ്ങളുണ്ടാക്കുന്നത് തടയാനും വാഹനയാത്ര സുഗമമാക്കാനും കരാ‍ർ കാലാവധിക്ക് ശേഷവും റോഡുകൾ പരിപാലിക്കാനുള്ള റണ്ണിംഗ് കോൺട്രാക്ടിന്റെ രണ്ടാം ഘട്ടത്തിന് സർക്കാരിന്റെ സാങ്കേതിക അനുമതിയും. 7685 കിലോമീറ്റർ റോഡിനാണ് അനുമതി. 183 കോടി രൂപയാണ് ചെലവ്. ഭരണാനുമതി നേരത്തേ നൽകിയിരുന്നു. ടെൻഡർ നടപടി ഉടൻ ആരംഭിക്കും.

കരാറുകാരന്റെ ബാദ്ധ്യതാ കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരിയഡ്) കഴിഞ്ഞ റോഡുകൾക്ക് ഒരു വർഷത്തേക്ക് കേടുപാടുകൾ പരിഹരിക്കാൻ മുൻകൂർ കരാർ നൽകുന്നതാണ് റണ്ണിംഗ് കോൺട്രാക്‌ട്.

ആദ്യ ഘട്ടം കരാർ നൽകിയ 3,123 കിലോമീറ്റർ റോഡിന്റെ കാലാവധി മേയിലും രണ്ടാംഘട്ടത്തിന്റെ ആദ്യഭാഗത്തിൽ 9,210 കിലോമീറ്റർ റോഡിന്റെ കാലാവധി സെപ്‌തംബറിലും പൂർത്തിയാകും.രണ്ടാംഘട്ടത്തിന്റെ അടുത്ത ഭാ​ഗമാണ് 7,685 കിലോമീറ്റർ. ഒരു മാസത്തിനുള്ളിൽ ഈ റോഡുകൾ കരാറുകാർക്ക് കൈമാറും.

നിലവിൽ പരിപാലന കാലയളവിലുള്ള 3,825 കിലോമീറ്റർ റോഡ് കൂടി ചേർത്ത് ആകെ 23,843 കിലോമീറ്റർ റോഡിൽ ഇതോടെ കൃത്യമായ അറ്റകുറ്റപ്പണിയും നിരീക്ഷണവും ഉറപ്പാക്കും.

പരിപാലന കാലാവധിയുള്ള എല്ലാ റോഡുകളിലും തുടക്കത്തിലും അവസാനിക്കുന്നിടത്തും കരാറുകാരന്റെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെയും ഫോൺനമ്പരുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന പൊതുമരാമത്ത് നയത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോ‌‌ർഡുകളിലെ നമ്പരുകളിൽ ജനങ്ങൾ പരാതികൾ അറിയിക്കാറുണ്ട്. കേടുപാടുകൾ കരാറുകാരുടെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ മൂന്ന് മേഖലകളായി തിരിച്ച് ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാനും പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

റണ്ണിംഗ് കോൺട്രാക്ട് റോഡുകൾ

ജില്ല................................എണ്ണം ..........കിലോമീറ്റർ

തിരുവനന്തപുരം ............57..................783.56

കൊല്ലം...............................32...................451.15

ആലപ്പുഴ............................14...................308.587

പത്തനംതിട്ട......................23...................697.745

കോട്ടയം.............................33...................893.087

ഇടുക്കി................................56...................610.114

എറണാകുളം.....................36....................812.783

തൃശൂർ..................................9.....................309.317

പാലക്കാട്...........................14......................652.64

മലപ്പുറം..............................54......................956.988

കോഴിക്കോട്.......................8.......................220.573

വയനാട്...............................9.........................77.913

കണ്ണൂർ...............................14........................606.674

കാസർകോട്......................7..........................411.670

ആകെ...............................366.......................7685.054

രണ്ടാം ഘട്ടം നടപ്പാകുന്നതോടെ റോഡുകളുടെ പരിപാലനം പൂർണതോതിലാകും. പൊതുമരാമത്തുവകുപ്പിന്റെ 29,553 കിലോമീറ്റർ റോഡിൽ 20,018 കിലോമീറ്റർ കൂടി റണ്ണിംഗ് കോൺ​ട്രാക്ടിൽ ഉൾപ്പെടുത്താനായി.

- പി എ മുഹമ്മദ് റിയാസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി