ത്രില്ലർ സമനിലയിലും സന്തോഷം പോര!

Wednesday 15 February 2023 3:49 AM IST

സന്തോഷ് ട്രോഫി: കേരളവും മഹാരാഷ്ട്രയും സമനിലയിൽ (4-4)​

കേരളം സമനില പിടിച്ചത് 1-4ന് പിന്നിൽ നിന്ന ശേഷം

കേരളത്തിന്റെ സമനില ഗോളിനെച്ചൊല്ലി തർക്കം

ഭുവനേശ്വർ : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആവേശം അവസാന നിമിഷം വരെ നീണ്ടു നിന്ന 8 ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ പിന്നിൽ നിന്ന പൊരുതിക്കയറി 4-4ന്റെ സമനില പിടിച്ച് കേരളം. ആദ്യ പകുതിയിൽ 1-4ന് പിന്നിലായിരുന്ന ശേഷമാണ് രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് കേരളം സമനില പിടിച്ചു വാങ്ങിയത്. കേരളത്തിനായി വിശാഖ് മോഹനൻ,​ നിജോ ഗിൽബർട്ട്,​ വി.അർജുൻ,​ ജോൺ പോൾ ജോസ് എന്നിവരാണ് സ്കോർ ചെയ്തത്. മഹാരാഷ്ട്രയ്ക്കായി സൂഫിയാൻ ഷെയ്ഖ് രണ്ട് ഗോൾ നേടിയപ്പോൾ ഹിമാൻഷു പാട്ടീൽ,​ സുമിത് ഭണ്ഡാരി എന്നിവർ‌ ഓരോ തവണ ലക്ഷ്യം കണ്ടു.

ഇതിനിടെ കേരളം നാലാം ഗോൾ നേടിയത് വാട്ടർ ബ്രേക്ക് കഴിഞ്ഞ് തങ്ങളുടെ താരങ്ങൾ എല്ലാവരും ഗ്രൗണ്ടിൽ അണിനിരക്കുന്നതിന് മുമ്പാണെന്ന് പറഞ്ഞ് മഹാരാഷ്ട്രാ മാനേജ്മെന്റും താരങ്ങളും റഫറിയുമായി തർക്കത്തിലേർപ്പെട്ടതോടെ മത്സരം പതിനഞ്ച് മിനിട്ടോളം തടസപ്പെട്ടു. റഫറി തീരുമാനത്തിൽ ഉറച്ചു നിന്നു. മത്സരം അവസാനിക്കാറാകവെ ജോൺപോളിനെ മഹാരാഷ്ട്ര ഗോളി ബോകിസിനുള്ളിൽ ഫൗൾചെയ്തുവെന്ന് ആരോപിച്ച് കേരള ടീം പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. റഫറിയോട് തർക്കിച്ച കേരള പരിശീലകൻ പി.ബി. രമേശ് മഞ്ഞക്കാർഡ് കണ്ടു.

സെമി സാധ്യത തുലാസിൽ

ഇന്നലെ സമനില നേടിയെങ്കിലും കേരളത്തിന്റെ സെമി സാധ്യതകൾ തുലാസിലായി. നിലവിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് കേരളം. കേരളത്തിന് സെമി സാധ്യതയ്ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രം പോര മറ്റുള്ള മത്സരഫലത്തെ ആശ്രയിക്കുകയും വേണം. പഞ്ചാബും ഒഡിഷയുമാണ് കേരളത്തിന്റെ ഇനിയുള്ള എതിരാളികൾ.

ആദ്യ മത്സരത്തിൽ ഗോവയെ 3-2ന് തോൽപ്പിച്ച് തുടങ്ങിയ കേരളം എന്നാൽ രണ്ടാം മത്സരത്തിൽ കർണാടകയോട് തോറ്റിരുന്നു.

മഹാരാഷ്ട്രയുടെ

മഹാ മുന്നേറ്റം

തുടക്കം മുതൽ മഹാരാഷ്ട്ര കേരളത്തിന്റെ ഗോൾമുഖത്തേയ്ക്ക് ആക്രമിച്ചെത്തി. നിരന്തര അക്രമണങ്ങൾക്കിടെ 17-ാം മിനിട്ടിൽ സൂഫിയാൻ ഷെയ്ഖ് മഹാരാഷ്ട്രയുടെ ഗോൾ അക്കൗണ്ട് തുറന്നു. കേരളത്തിന്റെ പ്രതിരോധി നിരയുടെ പിഴവിൽ നിന്നാണ് ഗോൾ വന്നത്. ബോക്സിനകത്തേക്ക് ഉയർന്ന് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ പിഴച്ച കേരള പ്രതിരോധ നിരയേയു മുന്നോട്ട് കയറി തടുക്കാനെത്തിയ ഗോൾ കീപ്പർ മിഥുനയേയും നിഷ്പ്രഭരാക്കി സുഫിയാൻ പന്ത് വലയിലാക്കി. മൂന്ന് മിനിട്ടിനുള്ളിൽ വീണ്ടും കേരളത്തിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് സൂഫിയാന്റെ പാസിൽ നിന്ന് ഹിമാൻഷു മഹാരാഷ്ട്രയുടെ രണ്ടാം ഗോൾ നേടി. 35-ാം മിനിട്ടിൽ സുമിത് ഭണ്ഡാരി മനോഹരമായ ഗോളിലൂടെ മഹാരാഷ്ട്രയുടെ ലീഡ് മൂന്നാക്കി. തടയാനെത്തിയ രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ സുമിത് തൊടുത്ത കർവിംഗ് ഷോട്ട് ഇടത്തോട്ട് പറന്ന ഗോളി മിഥുനേയും കടന്ന് വലകുലുക്കുകയായിരുന്നു. 38-ാം മിനിട്ടിൽ വിശാഖിലൂടെ കേരളം ആദ്യ ഗോൾ നേടി. മുഹമ്മദ് സലിം നൽകിയ ക്രോസാണ് വിശാഖ് ഗോളാക്കിയത്. എന്നാൽ 42-ാം മിനിട്ടിൽ കേരള പ്രതിരോധത്തിന്റെ മുഴുവൻ ദൗർബല്യവും തുറന്നുകാട്ടി സൂഫിയാൻ തന്റെ രണ്ടാമത്തേയും മഹാരാഷ്ട്രയുടെ നാലാമത്തേയും ഗോൾ നേടി. പകരക്കാരനായെത്തിയ ആസിഫിന്റെ പിഴവിൽ നിന്ന് കിട്ടിയ പന്താണ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ സൂഫിയാൻ ഗോളാക്കിയത്. ഇടവേളയ്ക്ക് പിരയുമ്പോൾ 1-4ന് കേരളം പിന്നിലായിരുന്നു.

രണ്ടാം പകുതിയിൽ കേരളം ആക്രമണത്തിന് മൂർച്ച കൂട്ടി. 65-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി നിജൊ കേരളത്തിന്റെ രണ്ടാം ഗോൾ കണ്ടെത്തി.തൊട്ടുപിന്നാലെയുടെ മഹാരാഷ്ട്രയുടെ ഒരു മുന്നേറ്റം മിഥുൻ നിർവീര്യമാക്കി. തുടർന്ന് പകരക്കാരനായെത്തിയ അർജുനിലൂടെ കേരളം മൂന്നാം ഗോൾ നേടി. ബോക്സിന് തൊട്ടുവെളിയിൽ നിന്ന് അർജുൻ തൊടുത്ത ഇടങ്കാലൻ ഗ്രൗണ്ടർ വലകുലുക്കുകയായിരുന്നു. അധികം വൈകാതെ 77-ാം മിനിട്ടിൽ നിജോയുടെ പാസിൽ നിന്ന് മറ്റൊരു സബ്‌സ്റ്ര്യൂട്ട് താരം ജോൺ പോൾ ജോസ് കേരളത്തിന്റെ സമനില കണ്ടെത്തുകയായിരുന്നു. തങ്ങളുടെ താരങ്ങൾ വാട്ടർ ബ്രേക്ക് കഴിഞ്ഞതറിഞ്ഞില്ലന്ന് മഹാരാഷ്ട്ര ടീം 15 മിനിട്ടോളം തർക്കിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല. തുടർന്ന് ഇരുടീമും വിജയഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ കർണാടക 2-0ത്തിന് ഗോവയേയും പഞ്ചാബ് 2-1ന് ഒഡിഷയേയും കീഴടക്കി.