വനിതാ ഐ.പി.എൽ മാർച്ച് നാല് മുതൽ

Wednesday 15 February 2023 4:10 AM IST

ന്യൂഡൽഹി: പ്രഥമ വനിതാ ഐ.പി.എൽ (വുമൺസ് പ്രിമിയർ ലീഗ്)​ സീസണ് മാർച്ച് നാല് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയ്‌ന്റ്സും മുംബയ് ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. താരങ്ങളുടെ മെഗാലേലം വൻവിജയമായി അവസാനിച്ചതിന് പിന്നാലെയാണ് ബി.സി.സി.ഐ വുമൺസ് പ്രിമിയർ ലീഗിന്റെ ഷെഡ്യൂൾ പുറത്തുവിട്ടത്. 20 ലീഗ് മത്സരങ്ങളും ഒരു എലിമനേറ്ററും ഫെനലുമാണ് ആദ്യ സീസണിൽ ഉള്ളത്. മാർച്ച് 26ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഫൈനൽ. സാധാരണ മത്സരങ്ങൾ രാത്രി 7.30നാണ് ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങൾ ഉള്ള ദിനങ്ങളിൽ ആദ്യമത്സരം 3.30ന് തുടങ്ങും. ഗുജറാത്തിനേയും മുംബയ്‌യേയും കൂടാതെ യു.പി വാരിയേഴ്സ്, ആർ.സി.ബി, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികളാണ് മത്സരത്തിനിറങ്ങുന്നത്. എല്ലാ മത്സരങ്ങളും മുംബയിലാണ് നടക്കുക.