'പാർട്ടിക്ക് വേണ്ടി കൊലപാതകം ചെയ്‌തു, ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല '; ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ആകാശ് തില്ലങ്കേരി

Wednesday 15 February 2023 3:05 PM IST

കണ്ണൂ‌ർ: ഷുഹൈബ് വധക്കേസിൽ പാർട്ടി നേതൃത്വത്തിന് തലവേദനയായി മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരായിട്ട ഫേസ്‌ബുക്ക് പോസ്‌റ്റിലെ മറുപടിയിലാണ് എടക്കാട് ഷുഹൈബ് വധക്കേസിൽ പാർട്ടി നേതൃത്വത്തെ പ്രതിസ്ഥാനത്താക്കുന്ന ആരോപണവുമായി ആകാശ് രംഗത്തെത്തിയത്.

ക്വട്ടേഷന് ആഹ്വാനം ചെയ്‌തവർക്ക് നല്ല ജോലി ലഭിച്ചെന്നും അത് നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്‌ക്കലുമാണ് പ്രതിഫലമെന്നാണ് ആകാശ് പറയുന്നത്. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾ പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിട്ടത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്.' ആകാശ് പറയുന്നു.

പാർട്ടി സംരക്ഷിക്കാതിരുന്നപ്പോഴാണ് തെറ്റായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. ആത്മഹത്യ മാത്രം മുന്നിൽ അവശേഷിച്ചപ്പോഴാണ് പലവഴി സഞ്ചരിക്കേണ്ടി വന്നത്. പാ‌ർട്ടിയിലെ ഊതിവീർപ്പിച്ച ബലൂണുകളെ പച്ചയ്‌ക്ക് നേരിടുമെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.

പോസ്‌റ്റിൽ കമന്റ് ചെയ്‌തതിന് പിന്നാലെ ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ മട്ടന്നൂരിലെ പാർട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരിൽ പരാതി സിപിഎമ്മിൽ ലഭിച്ചു. സംഭവം വിവാദമായതിന് ഫേസ്‌ബുക്ക് പോസ്‌റ്റ് നീക്കം ചെയ്‌തു. ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെ ചോദ്യംചെയ്‌തതാണ് പ്രശ്‌നകാരണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ ആരോപിക്കുന്നു.