ആലുവയിൽ സ്പിരിറ്റ് വേട്ട: വാടകവീട്ടിൽനിന്ന് 805 ലിറ്റർ സ്പിരിറ്റ് പിടിച്ചു
ആലുവ: എടയപ്പുറം മനക്കത്താഴം കവലയ്ക്കുസമീപം തൃശൂർ പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട. കോഴിക്കോട് സ്വദേശിയായ യുവാവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ 35 ലിറ്ററിന്റെ 23 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 805 ലിറ്റർ സ്പിരിറ്റ് തൃശൂർ പൊലീസ് പിടികൂടി.
കൊടുങ്ങല്ലൂരിൽ 450 ലിറ്റർ സ്പിരിറ്റുമായി പിടിയിലായ രണ്ടംഗ സംഘത്തിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ പൊലീസ് സംഘമെത്തി വാടകവീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ബെഡ് റൂമിനികത്താണ് സ്പിരിറ്റ് കന്നാസുകൾ കണ്ടെത്തിയത്. ഈസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിന്നീട് എക്സൈസിനെയും വിളിച്ചുവരുത്തി.
മനക്കത്താഴം തഖ്വ മസ്ജിദിന് മുൻവശമുള്ള വീട് എടയപ്പുറത്ത് താമസിക്കുന്ന ഒരു വിദേശമലയാളിയുടേതാണ്. നാലുമാസംമുമ്പാണ് ഈ വീട് കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്തത്. ദൂരെ സ്ഥലങ്ങളിൽനിന്നെത്തുന്ന വിനോദയാത്രാ സംഘങ്ങൾക്ക് കുളിക്കുന്നതിനും മറ്റുമായി നൽകുന്നതിനെന്ന പേരിലാണ് പ്രതിമാസം 16,000 രൂപയ്ക്ക് വാടകയ്ക്കെടുത്തത്. എന്നാൽ ഇത്തരമൊരു സംഘം ഇവിടെ ഇതുവരെ വന്നിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. പരിസരവാസികളുടെയും പള്ളിയിലെത്തുന്നവരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ മുൻവശവും ഇടതുവശവും പ്ളാസ്റ്റിക്ക് ഷീറ്റുവച്ച് മറച്ചിരുന്നു. പലപ്പോഴും ലോറികളും മറ്റും ഇവിടെ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേരത്തെ ഇവിടെ വർക്ക് ഷോപ്പ് ഉണ്ടായിരുന്നതിനാൽ ആരും വാഹനങ്ങൾ വരുന്നതും പോകുന്നതും കാര്യമാക്കിയിരുന്നില്ല
സ്പിരിറ്റ് വാഹനത്തിനകത്ത് പൊലീസിനെയും എക്സൈസിനെയുമെല്ലാം കബളിപ്പിക്കുന്നതിനായി ഉമിച്ചാക്കുകൾ നിരത്താറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ വരാന്തയിലും മുറിക്കകത്തും ഉമി നിറച്ച ചാക്കുകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പിടികൂടിയത് സ്പിരിറ്റ് ആണെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം ആലുവയിൽ നടക്കുന്നതിനാൽ പൊലീസിന് വിശ്രമമില്ലാത്ത ദിവസമായിരുന്നു. ഇന്ന് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.