കാടുകയറി 140 കുടുംബങ്ങളുടെ സ്വപ്നം;ശ്വാസം മുട്ടി ലൈഫ് മിഷൻ

Thursday 16 February 2023 12:05 AM IST

കുരുക്ക് മുറുക്കി ശിവശങ്കറിന്റെ അറസ്റ്റ്

തൃശൂർ: നൂറ്റി നാൽപ്പത് കുടുംബങ്ങളുടെ സ്വപ്നമായിരുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ കോഴക്കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെട്ട കള്ളപ്പണക്കേസിലും കുരുങ്ങി അനിശ്ചിതത്വത്തിലായി.

പദ്ധതിക്കായി സ്വപ്നയടക്കമുള്ളവർക്ക് 4.48 കോടി കൈക്കൂലി നൽകിയെന്ന വിവാദത്തോടെയാണ് രണ്ട് വർഷം മുമ്പ് നിർമ്മാണം മുടങ്ങിയത്.പദ്ധതി പ്രദേശം കാടുപിടിച്ചു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലാവുക കൂടി ചെയ്തതോടെ, പണി ഉടനെയൊന്നും തുടങ്ങില്ലെന്ന ആശങ്ക ശക്തമാണ്. ഭവനരഹിതർക്ക് ഫ്ലാറ്റ് കൈമാറുന്നത് ഇനിയും നീളും.

വിവാദത്തിൽ സി.ബി.ഐയാണ് ആദ്യം അന്വേഷണം തുടങ്ങിയത്. വടക്കാഞ്ചേരി നഗരസഭയിലെ ലൈഫ് മിഷൻ കെട്ടിടത്തിന്റെ പെർമിറ്റ്, താത്കാലിക വൈദ്യുതിക്കായി നഗരസഭ കെ.എസ്.ഇ.ബി.യിൽ പണമടച്ച രേഖകൾ എന്നിവയുൾപ്പെട്ട ഫയലുകളെല്ലാം സി.ബി.ഐ കസ്റ്റഡിയിലെടുത്തു.

സമാന്തരമായി സംസ്ഥാന വിജിലൻസും അന്വേഷണം തുടങ്ങിയിരുന്നു. ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ദ്ധ സംഘം കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട് നൽകിയതിനാൽ തുടർപ്രവൃത്തികൾക്ക് തടസമില്ലായിരുന്നു. ആശുപത്രി കെട്ടിടം ഏതാണ്ട് പൂർത്തിയായെങ്കിലും മറ്റ് പണികൾ തുടർന്നില്ല. സിമന്റും കമ്പിയും മറ്റും നശിച്ചും മോഷണം പോയും നഷ്ടമുണ്ടായതായി പരാതിയുയർന്നു. യു.എ.ഇ കോൺസുലേറ്റുമായി ആശയവിനിമയം കഴിയാത്തതിനാൽ പണിനിറുത്തുന്നതായി കരാർ കമ്പനിയായ യൂണിടാക്, ലൈഫ് മിഷന് 2020 സെപ്റ്റംബറിൽ കത്ത് നൽകിയിരുന്നു.

കരാർ ഇങ്ങനെ

പ്രളയാനന്തര സഹായമായി ഫ്ലാറ്റ് നിർമിച്ച് സർക്കാരിന് കൈമാറാമെന്ന് രേഖാമൂലം അറിയിച്ചത് യു.ഇ.എ റെഡ് ക്രസന്റ്.
യു.എ.ഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവാക്കി നിർമ്മാണം.
2019 ജൂലായ് 11ന് ഒപ്പുവച്ച കരാർ പ്രകാരം, ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമിക്കും.
സർക്കാർ വിട്ടുനൽകിയത് വടക്കാഞ്ചേരി നഗരസഭയുടെ 217.88 സെന്റ് ഭൂമി.

ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ മാത്രം ഒതുങ്ങില്ല. അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്. സി.ബി.ഐ അന്വേഷണം വേഗത്തിലാക്കണം.

അനിൽ അക്കര

മുൻ എം.എൽ.എ.

Advertisement
Advertisement