കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനം , എൻ.ഐ.എ റെയ്ഡ്: കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

Thursday 16 February 2023 12:41 AM IST

മൂന്ന് സംസ്ഥാനങ്ങളിൽ ഒരേസമയം റെയ്ഡ്

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കേരളം,തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ 32 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇന്നലെ ഒരേസമയം റെയ്ഡ് നടത്തി​. എറണാകുളം ജില്ലയിൽ നിന്ന് മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഒരാളോട് ഇന്ന് എൻ.ഐ.എ ഓഫീസിൽ ഹാജരാകാനും നിർദ്ദേശിച്ചു.

സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകളും മൊബൈൽ ഫോണുകളും വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ആലുവ ഡിവൈ.എസ്.പി ഓഫീസിനടുത്തുള്ള വള്ളൂരകത്തോട്ട് വീട്ടിൽ പിണ്ടി അശോകൻ എന്നറിയപ്പെടുന്ന അശോകൻ (50), പടിഞ്ഞാറെ വെളിയത്തുനാട് കിടങ്ങപ്പള്ളിൽ വീട്ടിൽ റിയാസ് (48), തോപ്പുംപടി സ്വദേശി സിറാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പറവൂർ പാനായിക്കുളം സ്വദേശി, ആലുവ സെമിനാരിപ്പടി മൂൺലൈറ്റ് അപ്പാർട്ടുമെന്റിൽ വാടകയ്ക്ക് താമസിക്കുന്ന സീനുമോൻ എന്ന് വിളിക്കുന്ന സൈനുദ്ദീനോട് ഇന്ന് എൻ.ഐ.എ കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിചേർത്തിരുന്ന സൈനുദ്ദീനെ കോടതി വെറുതെ വിട്ടിരുന്നു. ആലുവ, എടത്തല, പറവൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു റെയ്ഡ്.

അശോകന്റെ വീട്ടിൽ നിന്ന് പണമിടപാട് രേഖകൾ പിടിച്ചെടുത്തു.

കഴിഞ്ഞ നവംബർ19ന് മംഗളൂരു കങ്കനടിയിൽ ഓട്ടോറിക്ഷയിലുണ്ടായ ഗ്യാസ്‌സിലിണ്ടർ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ഏതാനും ദിവസം താമസിച്ചിരുന്നതായി എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു. ഷരീഖിന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയവരെയും സാമ്പത്തികസഹായം നൽകിയെന്ന് കരുതുന്നവരെയും കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 25 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു.

തമിഴ്നാട്ടിൽ വ്യാപക റെയ്ഡ്

തമിഴ്നാട്ടിലെ കോയമ്പത്തൂർ, തൃശിനാപ്പള്ളി, നീലഗിരി, തിരുനെൽവേലി, തൂത്തുക്കുടി, ചെന്നൈ, തിരുവണ്ണാമല, ഡിണ്ഡിക്കൽ, മയിലാടുംതുറ, കൃഷ്ണഗിരി, കന്യാകുമാരി, തെങ്കാശി, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

കഴിഞ്ഞവർഷം ഒക്ടോബർ 23ന് കോയമ്പത്തൂരിലെ കോട്ട ഈശ്വരം ക്ഷേത്രത്തിന് മുമ്പിൽ കാറിലുണ്ടായ സ്‌ഫോടനത്തിൽ ജമേഷ മുബീൻ എന്നയാൾ ചാവേറായി കൊല്ലപ്പെട്ടിരുന്നു.ക്ഷേത്രത്തിന് നാശം വരുത്താൻ ഐസിസ് പിന്തുണയോടെ സ്‌ഫോടനം നടത്തിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. മുബീനിന്റെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡുകൾ.

Advertisement
Advertisement