ലഹരിക്കായി മരുന്ന് കടത്ത് സംഘം: തിരു.മെഡിക്കൽ കോളേജിൽ മരുന്ന് വിതരണത്തിന് നിയന്ത്രണം

Thursday 16 February 2023 1:35 AM IST

■മറ്റു ഗവ.മെഡിക്കൽ കോളേജുകളും നിയന്ത്രണത്തിന്

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ നിന്ന് മാനസിക രോഗികൾക്ക് ഉറങ്ങാൻ നൽകുന്ന വീര്യം കൂടിയ മരുന്നുകളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഈ മരുന്നുകൾ ലഹരിക്ക് പകരം ഉപയോഗിക്കാൻ പുറത്തേയ്ക്ക് കടത്തുന്നുവെന്ന് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.

ലഹരി ആവശ്യങ്ങൾക്കായി ഇടനിലക്കാർ വഴി ഇത്തരം മരുന്നുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്ന സാഹചര്യത്തിൽ , മരുന്ന് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് മാസികരോഗ വിഭാഗം മേധാവിക്ക് കത്ത് നൽകി.ഒ.പി കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ പഴയ ഒ.പികളിൽ തന്നെ മരുന്ന് കുറിച്ച് നൽകി ഡോക്ടർമാർ സീൽ പതിക്കാൻ പാടില്ലെന്നും, പരമാവധി രണ്ടാഴ്ചത്തേക്കുള്ള മരുന്ന് മാത്രമേ നൽകാവൂയെന്നാണ് നിർദ്ദേശം.നിലവിൽ ആറു മാസത്തേക്ക് വരെ യാതൊരു നിയന്ത്രണവുമില്ലാതെ മരുന്ന്

നൽകുന്നത് സാമൂഹ്യ ഭീഷണിയാണെന്നും കത്തിലുണ്ട്.ഇനി മുതൽ ഓരോ വട്ടവും മരുന്ന് ആവശ്യമെങ്കിൽ പുതിയ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറുടെ കുറിപ്പടി വാങ്ങി സീൽ സഹിതം കൗണ്ടറിൽ എത്തിക്കണം. ഇക്കാര്യം വകുപ്പ് മേധാവി ഉറപ്പാക്കണം.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ,കത്തിന്റെ പകർപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ,ഇ ഹെൽത്ത് ജോയിന്റ് ഡയറക്ടർ എന്നിവർക്കും കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റു ഗവ.മെഡിക്കൽ കോളേജുകളിലും വരും ദിവസങ്ങളിൽ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇത്തരത്തിൽ വ്യാപകമായി മരുന്ന് പുറത്തേക്ക് എത്തിച്ച് വൻവിലയ്ക്ക് വിൽക്കുന്ന സംഘങ്ങൾക്ക് ആശുപത്രികൾക്കുള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.

സിറപ്പിൽ ഗുളിക

ചേർത്ത് ലഹരി

മെഡിക്കൽ കോളേജുകളിലെ ഫാർമസികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന മാനസികരോഗത്തിനുള്ള ഗുളിക അതേ പടിയല്ല ഇത്തരം ലഹരി സംഘങ്ങൾ ഉപയോഗിക്കുന്നത്.ഈ ഗുളികകൾ ചുമയ്ക്കുള്ള സിറപ്പിൽ ചേർത്താണ് ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ഇത്തരം സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമാണ്.

Advertisement
Advertisement