ഒന്നാമൻ തിരൂരങ്ങാടി

Thursday 16 February 2023 12:53 AM IST

തിരൂരങ്ങാടി: ജനക്ഷേമ രംഗത്തെ മികവും സമഗ്ര മുന്നേറ്റവുമാണ് തിരൂരങ്ങാടി നഗരസഭയെ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫിക്ക് അർഹരാക്കിയത്. കാർഷിക, വിദ്യാഭ്യാസ,ആരോഗ്യ-സാമൂഹ്യക്ഷേമ, മരാമത്ത് മേഖലകളിലെ മാതൃകാപദ്ധതികളും നഗരസഭയ്ക്ക് അഭിമാനമായി.

ജനക്ഷേമ രംഗത്ത് വലിയ മുന്നേറ്റമാണ് നഗരസഭ കാഴ്ചവെച്ചത്. നിലവിൽ 7000ത്തോളം പേർക്ക് ക്ഷേമപെൻഷനുകൾ നൽകുന്നുണ്ട്. ഭിന്നശേഷിക്കാരായ 160 ഓളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിച്ചു. നഗരസഭയിലെ 65 വയസിന് മുകളിൽ പ്രായമായവർക്കായുള്ള 23 വയോമിത്രം ക്ലിനിക്കുകളിലായി 2700ഓളം വയോജനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പി.എം.എ.വൈ ഭവന പദ്ധതിയിൽ 400ഓളം വീടുകളുടെ പണി പുരോഗമിക്കുകയാണ്. എസ്.സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ സ്‌കോളർഷിപ്പ് നൽകുകയും എസ്.സി കുടുംബങ്ങൾക്ക് വിവാഹസഹായം നൽകുകയും ചെയ്തു. വഴിയോരക്കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകി.

നഗരപരിധിയിലെ ഭൂരിഭാഗം വയലുകളിലും കൃഷിയിറക്കാൻ ഊന്നൽ നൽകി. 500 ഹെക്ടറിൽ 400 ഹെക്ടറിലും കർഷകർ നെൽക്കൃഷിയിറക്കിയിട്ടുണ്ട്. കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ വയൽയാത്ര സംഘടിപ്പിച്ചു.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11,970 കിലോ വിത്തുകൾ കർഷകർക്ക് നൽകി. 2000 കിലോഗ്രാം വിത്തിന് സബ്‌സിഡി നൽകുന്നുണ്ട്. മഴയിൽ വിളനാശമുണ്ടായ കർഷകർക്ക് ചെയിൻ ട്രാക്ടർ ഉപയോഗിച്ചതിലെ അധികച്ചെലവ് നഗരസഭ വഹിച്ചിരുന്നു.17 കോടി രൂപയുടെ നീർത്തട മാസ്റ്റർ പ്ലാൻ അംഗീകരിച്ചു.

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് പ്രഥമ പരിഗണന നൽകി. ക്ലാസ് മുറികൾ ഹൈടെക്കാക്കി. തൊഴിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി കോച്ചിംഗ് തുടങ്ങി. മാലിന്യ നിർമ്മാർജനത്തിന് വിദ്യാലയങ്ങൾക്ക് കളക്ടേഴ്‌സ് ബൂത്തുകൾ നൽകി.

അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രവർത്തനത്തിന്റെയും ഫലമാണെന്ന് ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി പറഞ്ഞു. രണ്ടാം തവണയാണ് നഗരസഭയ്ക്ക് സ്വരാജ് ട്രോഫി ലഭിക്കുന്നത്.

Advertisement
Advertisement