കശുമാവ് തോട്ടത്തിൽ വാനരപ്പടയുടെ വിളയാട്ടം

Friday 17 February 2023 12:36 AM IST

മംഗലംഡാം: കരിങ്കയത്ത് കശുമാവ് തോട്ടങ്ങളിൽ കുരങ്ങുകളെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ഇതുസംബന്ധിച്ച് വനവകുപ്പിന് പരാതി നൽകിയിട്ട് പരിശോധിക്കാൻ പോലും ആരും എത്തിയില്ലെന്ന് കർഷകർ പറയുന്നു.

ഉയരം കുറഞ്ഞ കശുമാവുകളിലെ പൂക്കൾ കൊഴിക്കുന്നതിനൊപ്പം പച്ച കശുവണ്ടി നിറഞ്ഞ കൊമ്പുകൾ ഒടിച്ചു നശിപ്പിക്കുന്നതും പതിവാണ്. കുരങ്ങുകൾക്ക് പുറമെ സന്ധ്യ മങ്ങിയാൽ വവ്വാൽ പടയും എത്തും. പഴുക്കാറായ കശുമാങ്ങ വവ്വാലുകൾ കൊണ്ടുപോകും. നേരം പുലരുന്നതോടെ മാവെല്ലാം കാലിയാകും. ഇതിനുപുറമേയാണ് പന്നിശല്യം.

കുരങ്ങുശല്യം മൂലം മേഖലയിൽ നാളികേര ഉല്പാദനവും ഇല്ലാതായിട്ട് വർഷങ്ങളായി. കരിക്ക് പാകമാകും മുമ്പേ തിന്ന് നശിപ്പിക്കും. മലയണ്ണാനും കൂടെയുണ്ടാകും.

വില താഴേക്ക് പോയപ്പോൾ മേഖലയിലെ കർഷകർ റബർ വെട്ടിമാറ്റി കശുമാവ് കൃഷിയിലേക്ക് മാറുകയായിരുന്നു. കശുമാവ് വികസന കോർപ്പറേഷന്റെ വാക്ക് വിശ്വസിച്ചാണ് പാലൊഴുകിയിരുന്ന റബർ വെട്ടിമാറ്റി പലരും കശുമാവ് കൃഷി ആരംഭിച്ചത്. തൈകൾ തഴച്ച് വളർന്ന് രണ്ടുവർഷം പ്രായമാകും മുമ്പേ പൂവിട്ട് കശുവണ്ടി ഉല്പാദനം തുടങ്ങിയത് ആശ്വാസമായിരുന്നു. എന്നാലിപ്പോൾ സ്ഥിതിയാകെ മാറി.

പരാതിയുണ്ട്, നടപടിയില്ല

കൃഷിനാശം സംബന്ധിച്ച് നെന്മാറ ഡി.എഫ്.ഒയ്ക്ക് മൂന്നാഴ്ച മുമ്പ് കർഷകർ പരാതി നൽകി. കരിങ്കയം വനം ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നായിരുന്നു അറിയിച്ചത്. എന്നാൽ തുടർ നടപടിയുണ്ടായില്ല.

ഫോറസ്റ്റ് ഓഫീസിന് വിളിപ്പാടകലെയാണ് കശുമാവിൻ തോട്ടം. നാലുവർഷം പ്രായമായ, നന്നായി കായ്ക്കുന്ന മരങ്ങളുള്ള ആറേക്കർ തോട്ടത്തിൽ കുരങ്ങുകൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചു. പരാതിപ്പെട്ടിട്ടും ഒരുദ്യോഗസ്ഥനും വന്ന് കാര്യമന്വേഷിച്ചില്ല.

-തോമസ് ഇലഞ്ഞിമറ്റം, കർഷകൻ, കരിങ്കയം.

Advertisement
Advertisement