വീട് കത്തി നശിച്ചു
Friday 17 February 2023 12:07 AM IST
കൊഴിഞ്ഞാമ്പാറ: ഗാന്ധിനഗർ കരകരക്കളം ഓമനയുടെ (55) ഓലമേഞ്ഞ വീട് കത്തിനശിച്ചു. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല. സമീപത്തെ 11 കെ.വി.വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പകൽ മൂന്നിനാണ് സംഭവം.
ഓമനയും മകൻ സുബ്രഹ്മണ്യനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ ഇരുവരും ജോലിക്ക് പോയിരുന്നു. പുകയുയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടെയിലാണ് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചത്. അടുത്തൊന്നും വീടുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഗൃഹോപകരണങ്ങളും രേഖകളും കത്തിനശിച്ചു. ചിറ്റൂർ അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫീസർ കെ.സത്യപ്രകാശ്, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ആർ.പുഷ്പരാജ്, സീനിയർ ഓഫീസർ ജി.കെ.ബിജുകുമാർ, ആർ.സുജീഷ്, കെ.സനോജ്, ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങൾ തീയണച്ചു.