ഗുരുദേവൻ കേരളം കണ്ട ഒരേയൊരു ദാർശനികൻ: പ്രൊഫ. എം.കെ. സാനു

Friday 17 February 2023 12:33 AM IST
സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്വൈതാശ്രമത്തിൽ നടന്ന ശ്രീനാരായണ സാഹിത്യ സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവൻ കേരളക്കര കണ്ട ഒരേയൊരു ദാർശനികനായിരുന്നുവെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്വൈതാശ്രമത്തിൽ നടന്ന ശ്രീനാരായണ സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവനോളം ആഴത്തിൽ എഴുതാൻ കഴിയുന്നവരാരും മലയാളത്തിൽ അന്നും ഇന്നും ഉണ്ടായിട്ടില്ല. എല്ലാവർക്കും മുകളിലാണ് ഇന്നും ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം. ദൈവികതയിലേക്ക് അടുപ്പിക്കുന്ന രചനകളായിരുന്നു ഗുരുവിന്റേത്. അത് സവിശേഷമായൊരു അദ്വൈതമാണ്. അനുകമ്പാദശകംപോലെയൊരു പ്രബോധനകാവ്യം രചിച്ചത് സാമൂഹ്യജീവിതത്തെക്കുറിച്ച് ഗുരുവിന് വ്യക്തമായ ധാരണയുള്ളതിനാലാണ്.

മരുത്വാമലയിലെ തപസിനുശേഷം ഗുരുവിന് ഏകാന്തമായ ജീവിതം ഉണ്ടായിട്ടില്ല. എപ്പോഴും ആൾക്കൂട്ടത്തിനൊപ്പമായിരുന്നു. ഭക്തരുടെ വീടുകളിൽ താമസിച്ചും നിരന്തരമായി യാത്രചെയ്തും കേരളത്തിന്റെ പരിവർത്തനത്തിന് രൂപംനൽകി. നൂറ്റാണ്ടുകളായിട്ടും ഗുരുവിനോളം ഉയർന്ന ചിന്താധാരയിൽ പ്രവർത്തിച്ച മറ്റാരെയും ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ലെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. പ്രൊഫ. കെ.ജി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. സുനിൽ പി. ഇളയിടം, എം.കെ. ഹരികുമാർ, മങ്ങാട് ബാലചന്ദ്രൻ, അരുവി അരുവിപ്പുറം, പി.ആർ. നിർമ്മൽകുമാർ എന്നിവർ സംസാരിച്ചു.