മനുഷ്യരുടെ ഏകത്വമാണ് ഗുരുദർശനം: അബ്ദുൾ സമദ് സമദാനി എം.പി
Friday 17 February 2023 12:08 AM IST
ആലുവ: മനുഷ്യരുടെ അടിസ്ഥാനപരമായ ഏകത്വമാണ് ശ്രീനാരായണ ഗുരുദേവ ദർശനമെന്ന് ഡോ. എം.പി. അബ്ദുൾ സമദാനി എം.പി പറഞ്ഞു. സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 'ലോകസമാധാനത്തിന് ഗുരുക്കന്മാരുടെ വഴികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രഹ്മവും പ്രപഞ്ചവും രണ്ടല്ല, ഒന്നാണെന്നാണ് ഗുരുപറഞ്ഞത്. ഞാനും നീയും രണ്ടല്ല, ഒന്നാണെന്നതാണ് ഇന്ന് ലോകത്തിന് ആവശ്യം. സ്വന്തം രീതി ശീലമാക്കിയവർ അന്യന്മാരാണ്. ഇത്തരം ചിന്തകൾ തകർക്കപ്പെടണം.
ഏത് വിളമ്പി എന്ത് വിളമ്പി എന്നല്ല നാം ചർച്ചചെയ്യേണ്ടത്, വിശപ്പിനെക്കുറിച്ചാണ്. ശ്രീനാരായണ ഗുരുദേവൻ വിശക്കുന്നവനൊപ്പമായിരുന്നു. ഇതിലേക്കാണ് സമൂഹത്തെ തിരിച്ചുവിടേണ്ടതെന്നും സമദാനി പറഞ്ഞു.