ഇലക്‌ട്രിക് വണ്ടികൾക്ക് കേരളത്തിൽ വൻ പ്രിയം

Friday 17 February 2023 3:31 AM IST

കൊച്ചി: ഇലക്‌ട്രിക് വാഹനവില്പനയിൽ 2022ൽ കാഴ്ചവച്ച മുന്നേറ്റം പുതുവർഷത്തിലും തുടർന്ന് കേരളം. 2021നേക്കാൾ 454 ശതമാനം വില്പനവളർച്ചയാണ് 2022ലുണ്ടായത്. 8,706ൽ നിന്ന് 39,525 യൂണിറ്റുകളിലേക്കായിരുന്നു കഴിഞ്ഞവർഷത്തെ വില്പനക്കുതിപ്പ്. ഇതിനെ മറികടക്കുന്നതാകും ഈ വർഷത്തെ വില്പനയെന്ന് പരിവാഹൻ രജിസ്‌ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം ജനുവരിയിൽ മാത്രം പുതുതായി കേരളത്തിന്റെ നിരത്തിലെത്തിയത് 5,207 ഇലക്‌ട്രിക് വാഹനങ്ങളാണ്. 2021ലെ ഏറ്റവും ഉയർന്ന പ്രതിമാസവില്പന ഡിസംബറിലെ 1,388 എണ്ണമായിരുന്നു. 2022ലും ഏറ്റവുമധികം ഇ-വണ്ടികൾ രജിസ്‌റ്റർ ചെയ്യപ്പെട്ടത് ഡിസംബറിൽ; 4,585 എണ്ണം. ഈ റെക്കാഡുകളെല്ലാം 2022ന്റെ ആദ്യമാസം തന്നെ പഴങ്കഥയായി.

ഈമാസത്തെ ആദ്യ രണ്ടാഴ്‌ചയിൽ തന്നെ 2,​297 പുതിയ ഇലക്‌ട്രിക് വാഹനങ്ങളും കേരളീയർ നിരത്തിലെത്തിച്ചു. മാസാന്ത്യത്തോടെ വില്പന ജനുവരിയെ മറികടന്നേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

പരിസ്ഥിതിസൗഹൃദമെന്നതിന് പുറമേ ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ പെട്രോൾ/ഡീസൽ വാഹനങ്ങളേക്കാൾ പരിപാലനച്ചെലവ് കുറവാണെന്നതാണ് ഇ-വാഹനങ്ങളുടെ മുഖ്യസവിശേഷത.

ഹൈബ്രിഡിനും ആവശ്യക്കാർ

പെട്രോൾ എൻജിനൊപ്പം ഇലക്‌ട്രിക് മോട്ടോറുമുള്ള ഹൈബ്രിഡ് മോഡലുകൾക്കും സംസ്ഥാനത്ത് ആവശ്യക്കാരേറെ. ജനുവരിയിൽ പെട്രോൾ/ഹൈബ്രിഡ് ഇനത്തിൽ 1,518 പുതിയ കാറുകൾ നിരത്തിലെത്തി. ഈമാസം ആദ്യ രണ്ടാഴ്ചയിൽ തന്നെ ഈ ശ്രേണിയിൽ 818 കാറുകൾ വിറ്റഴിഞ്ഞു.

ദേശീയതലത്തിലും കുതിപ്പ്

ഇ-വാഹനവില്പനയിൽ വർഷം 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടത് 2022ലാണ്. ട്രെൻഡ് തുടരുന്നുവെന്ന് സൂചിപ്പിച്ച് ഈവർഷം ജനുവരിയിൽ വില്പന ഒരുലക്ഷം യൂണിറ്റുകൾ കടന്നു. ആകെ 1,00,871 ഇ-വണ്ടികളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്.

ജനുവരിയിലെ വില്പന:

(പരിവാഹൻ രജിസ്‌ട്രേഷൻ പ്രകാരം)

 2 വീലർ : 64,458

 3 വീലർ : 32,909

 ഇലക്‌ട്രിക് കാർ : 2,901

 വാണിജ്യവാഹനം : 603

ടാറ്റയാണ് ഹീറോ

ജനുവരിയിൽ ദേശീയതലത്തിൽ രജിസ്‌റ്റർ ചെയ്‌ത 2,901 ഇ-കാറുകളിൽ 2,002 എണ്ണവും ടാറ്റയുടെ മോഡലുകൾ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പ് ടാറ്റ കഴിഞ്ഞമാസവും തുടർന്നു.

ഇ-ടൂവീലറിൽ 18,282 യൂണിറ്റുകളുമായി ഒലയും ഇ-ത്രീവീലറുകളിൽ 2,834 എണ്ണവുമായി മഹീന്ദ്രയും ഒന്നാമതാണ്.