ഓൺലൈൻ കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ്: രണ്ട് തമിഴ്‌നാട്ടുകാർ അറസ്റ്റിൽ

Friday 17 February 2023 12:19 AM IST

ആലുവ: ഓൺലൈൻ കച്ചവടം മുഖേന പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് തമിഴ്‌നാട്ടുകാർ അറസ്റ്റിൽ. തെങ്കാശി പനാട്ടുതോട്ട ബാലസുബ്രഹ്മണ്യൻ (27), തെങ്കാശി തലൈവൻകോട്ടെ മുത്തുരാജ് (33) എന്നിവരെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റുചെയ്തത്.

2022 സെപ്തംബറിൽ നെടുമ്പാശേരി പൊയ്ക്കാട്ടുശേരി ഭാഗത്തുള്ള സ്ത്രീയുമായി പ്രതികൾ വാട്ട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടു. വെബ് ലിങ്ക് വഴി സാധനങ്ങൾ വാങ്ങിപ്പിച്ച് മറ്റൊരാൾക്ക് കൊടുത്താൽ സാധനങ്ങളുടെ വിലയും കമ്മീഷനും പരാതിക്കാരിക്ക് ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ ആവശ്യപ്പെട്ടതനുസരിച്ച് ഇവരുടെ യു.പി.ഐ ഐഡികളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും വിവിധ ദിവസങ്ങളിലായി 19,17,874 രൂപ പരാതിക്കാരിയിൽനിന്ന് കൈമാറ്റം ചെയ്യിച്ചിട്ട് പണം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇരുവരേയും തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്, വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്.

ഇൻസ്‌പെക്ടർമാരായ എം.ബി. ലത്തീഫ്, എസ്. ഷൈൻ, സി.പി.ഒമാരായ ഐനീഷ്, സുബാഷ്ചന്ദ്രൻ, അഭിലാഷ് ശിവൻ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.