ആലത്തൂരിലും ഇനി പോക്‌സോ കോടതി

Friday 17 February 2023 12:42 AM IST

പാലക്കാട്: ആലത്തൂരിൽ പോക്‌സോ കോടതി ഉടൻ തുടങ്ങും. ഇതിനായി ബാർ അസോസിയേഷൻ വിട്ടുകൊടുത്ത കെട്ടിടവും അതിനോടു ചേർന്നുള്ള സ്ഥലവുമുൾപ്പെടെ 500 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു കെട്ടിടം കൂടി നിർമ്മിക്കും. ഇതിനുള്ള ടെൻഡർ വിളിച്ച് പൊതുമരാമത്ത് കെട്ടിടവിഭാഗം കരാറുകാരനെ ഏല്പിച്ചിട്ടുണ്ട്.

ആലത്തൂർ മുൻസിഫ്, മജിസ്‌ട്രേട്ട് കോടതികളോട് ചേർന്നാണ് പോക്‌സോ കോടതി തുടങ്ങുന്നത്. ജഡ്ജിയുടെ ചേംബർ, പ്രോസിക്യൂട്ടർക്കുള്ള ഓഫീസ്, വിസ്താരത്തിനുള്ള കൂടുകൾ, അതിജീവിതയ്ക്കുള്ള മുറി എന്നിവയാണ് നിർമ്മിക്കുന്നത്. ഇതിനായി 20 ലക്ഷം കെ.ഡി.പ്രസേനൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. ഫർണിച്ചറിനും ജഡ്ജിയുടെ ഡയസിനും മറ്റും കേന്ദ്രഫണ്ടിൽ നിന്ന് എട്ടര ലക്ഷം അനുവദിച്ചിരുന്നു.

2015 ഒക്ടോബർ മൂന്നിന് തുറന്ന ബാർ അസോസിയേഷൻ കെട്ടിടമാണു പോക്‌സോ കോടതിക്ക് വിട്ടു കൊടുത്തത്. ജനറൽ ബോഡി ചേർന്ന് തീരുമാനമെടുത്ത് രേഖാമൂലം മുൻസിഫിനെ അറിയിച്ചാണ് അനുമതി വാങ്ങിയത്. മുൻ എം.എൽ.എ എം.ചന്ദ്രന്റെ വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ബാർ അസോസിയേഷൻ കെട്ടിടം നിർമ്മിച്ചത്. ഇതു വിട്ടുകൊടുത്തതോടെ പഴയ ബാർ അസോസിയേഷൻ ഹാളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് 1904ൽ ആലത്തൂർ മുൻസിഫ് കോടതി ആരംഭിച്ചപ്പോൾ മുതൽ ഉപയോഗിച്ചിരുന്നതാണ്.