തദ്ദേശ ദിനാഘോഷം: പ്രദർശന മേളയ്ക്ക് തുടക്കം

Friday 17 February 2023 12:03 AM IST
തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ചാലിശേരിയിൽ നടന്ന ചിത്രകലാ ക്യാമ്പിൽ നിന്ന്.

പാലക്കാട്: സംസ്ഥാന തല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ചാലിശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനിയിൽ നാലുദിവസം നീളുന്ന പ്രദർശന-വിപണന-ഭക്ഷ്യ-പുഷ്പമേളയ്ക്ക് തുടക്കമായി. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ദിവസവും രാവിലെ പത്തുമുതൽ രാത്രി ഒമ്പതുവരെയാണ് മേള. വൈകിട്ട് കലാപരിപാടികളും അരങ്ങേറും.

രാവിലെ മൈതാനത്ത് ചിത്രകലാ ക്യാമ്പ് നടന്നു. മികവ് തെളിയിച്ച പത്തോളം പ്രതിഭകൾ പങ്കെടുത്തു. മിക്കവരും തൃത്താല മണ്ഡലത്തിൽ നിന്നുള്ളവരായിരുന്നു. ഗോപു പട്ടിത്തറ, ബഷീർ തൃത്താല, ശശി, രേവതി വേണു, ജ്യോതി, ജഗത്ത്, പി.സി.രേണുക, ജഗേഷ്, അജയൻ തുടങ്ങിയവർ പങ്കെടുത്തു. രചനകൾ നാലുദിവസം ഹാളിൽ പ്രദർശിപ്പിക്കും.

വൈകിട്ട് ആറിന് ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയ്യേറ്ററിന്റെ ക്ലാവർറാണി നാടകവും ഫോക്ക് വോയ്സിന്റെ നാടൻപാട്ടും അരങ്ങേറി. ഇന്നുവൈകിട്ട് ആറിന് 101 പേരുടെ പഞ്ചവാദ്യവും എട്ടിന് പാട്ടബാക്കി നാടകവും അവതരിപ്പിക്കും.