102-ാം വയസിലും മുഹമ്മദിന് ഹരമാണ് ഹാരം

Friday 17 February 2023 12:06 AM IST
പാലക്കാട് പുതുപ്പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് മാലകൾ വില്പനയ്ക്കായി തയ്യാറാക്കുന്നു. ഫോട്ടോ: പി.എസ്.മനോജ്

പാലക്കാട്: 102-ാം വയസിലും ചുറുചുറുക്കോടെ പൂമാലകൾ കെട്ടി വില്പന നടത്തുകയാണ് പുതുപ്പള്ളിത്തെരുവ് സ്വദേശി മുഹമ്മദ്. പാരമ്പര്യമായി മാലകെട്ടി ഉപജീവനം നടത്തുന്ന കുടുംബമാണ് മുഹമ്മദിന്റേത്. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും മക്കളുമടക്കം നാലാം തലമുറയാണ് മാലകെട്ടി വില്പന നടത്തുന്നത്.

1957-ൽ പുതുപ്പള്ളിത്തെരുവിൽ ചെറിയൊരു മുറിയിൽ 'മുഹമ്മദ്ക്കാന്റെ പൂക്കട' എന്ന പേരിലുള്ള തുടങ്ങിയതാണ് പൂക്കച്ചവടം. തമിഴ്നാട്ടിൽ നിന്നാണ് പൂക്കൾ കൊണ്ടുവരുന്നത്. രാവിലെ ആറിന് തുടങ്ങുന്ന മാലകെട്ടൽ രാത്രി ഏഴിനാണ് മുഹമ്മദ് അവസാനിപ്പിക്കുക.

ജവഹർലാൽ നെഹ്റു ആദ്യമായി പാലക്കാടെത്തിയപ്പോൾ താൻ ഒറ്റ രാത്രി കൊണ്ട് മാലയുണ്ടാക്കി നൽകിയ ഓർമ്മ മുഹമ്മദ് പങ്കുവെച്ചു. കൂടാതെ ഇ.എം.എസ്, മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ, സിനിമാ പ്രവർത്തകർ അങ്ങനെ നീളുന്നു മുഹമ്മദിന്റെ കൈയിൽ തീർത്ത മാലയണിഞ്ഞവരുടെ എണ്ണം.

ഇപ്പോൾ വിവാഹാവശ്യങ്ങൾക്കും മറ്റുമായി മാലയുണ്ടാക്കി നൽകാറുണ്ട്. അഞ്ചുമക്കളിൽ നാലുപേരും പൂക്കട നടക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായാണ് ഇവർ മാല വില്പന നടത്തുന്നത്. മകളുടെ കൂടെയാണ് മുഹമ്മദിന്റെ താമസം.