വനിതാ നേതാവിനെ അധിക്ഷേപിച്ചു ആകാശ് തില്ലങ്കേരിക്കെതിരെ കേസ്
കണ്ണൂർ: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരാണ് മറ്റുള്ളവർ. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡി.വൈ.എഫ്.ഐ കമ്മിറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത നേതാവിനെ ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.
മന്ത്രി എം.ബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ഇവരുടെ പരാതി. ഡി.വൈ.എഫ്.ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വാക്പോര് രൂക്ഷമാണ്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന ആകാശിന്റെ വിമർശനം വിവാദമായിരുന്നു. ആകാശിന്റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
സ്ത്രീത്വത്തെ അപമാനിക്കൽ: ആകാശ് തില്ലങ്കേരി പ്രതിയായ കേസ് പ്രത്യേക സംഘത്തിന്
ഇരിട്ടി: സാമൂഹിക മാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേർക്കുമെതിരെ മുഴക്കുന്ന് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടേയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിനാണ് രൂപം നൽകിയിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് അകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവർത്തകരായ ജിജോ, ജയപ്രകാശ് എന്നിവർക്കുമെതിരെ കേസെടുത്തത്. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ആകാശിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് പേരും ഒളിവിൽപോയി. മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുമുണ്ട്. മൂന്ന് പേരുടേയും മൊബൈൽ ഫോണും നിശ്ചലമാണ്. ഡി.വൈ.എഫ്.ഐയുടെ യോഗത്തിൽ ആകാശ് തില്ലങ്കേരിയെ വിമർശിച്ചതിന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി.
ഡി.വൈ.എഫ്.ഐയ്ക്ക് എതിരെ വീണ്ടും ആകാശ് തില്ലങ്കേരി
കണ്ണൂർ: ഡി.വൈ.എഫ്.ഐക്കെതിരെ ഫേസ് ബുക്ക് കമന്റുമായി വീണ്ടും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. 'വിതച്ചതേ കൊയ്യൂ, ഒരൊറ്റ പ്രസ്താവനയിലൂടെ ഡി.വൈ.എഫ്.ഐ ഞങ്ങളെ ഒറ്റുകാരാക്കി. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹരിക്കേണ്ട വിഷയങ്ങൾ വഷളാക്കി' എന്നാണ് സി.പി.എം പ്രാദേശിക നേതാവായ രാഗിന്ദിന്റെ ഫേസ് ബുക്ക് പോസ്റ്രിനു താഴെ കമന്റ് ചെയ്തത്. 'തെളിവുകളെ തട്ടിമാറ്റികൊണ്ട് ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും' എന്നും കുറിച്ചിട്ടുണ്ട്. അതിനിടെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി രംഗത്തെത്തിയതും വിവാദമായി. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവച്ചു വിടണമായിരുന്നോ എന്നാണ് ഫേസ്ബുക്ക് കമന്റിലെ പരാമർശം.
സി.പി.എം ഭീകര സംഘടനയായി അധഃപതിച്ചു: വി.ഡി.സതീശൻ
തിരുവനന്തപുരം: ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി.പി.എം ഭീകരസംഘടനയായി അധഃപതിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണ്. ഭരണത്തിന്റെ തണലിൽ ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി.പി.എമ്മിനുള്ള ബന്ധം തഴച്ചുവളരുകയാണ്. ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിർക്കുന്നത് എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമായി. സി.ബി.ഐയെ തടയാൻ സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്ന് ഒന്നര കോടിയോളമാണ് ചെലവഴിച്ചത്. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ സി.പി.എം നേതാക്കൾ കുടുങ്ങും. തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വന്നിട്ട് കേരള പൊലീസ് ചെറുവിരൽ അനക്കിയിട്ടില്ല. ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാണ്. തുടക്കം മുതൽ ഈ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. സി.ബി.ഐ അന്വേഷണത്തിന് തടയിടാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടത്തിൽ ആ അന്വേഷണവും നിലച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും മറച്ചുപിടിക്കാൻ ഒരുപാടുണ്ട്.
സി.പി.എമ്മിനെക്കൊണ്ട് കണക്കുപറയിക്കും:സുധാകരൻ
തിരുവനന്തപുരം: ഷുഹൈബ് ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ ചോരയ്ക്ക് സി.പി.എമ്മിനെക്കൊണ്ട് കണക്കു പറയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂരിൽ സി.പി.എം പ്രതിസ്ഥാനത്തുള്ള ഓരോ കൊലപാതകത്തിലും നേതൃത്വത്തിന്റെ അറിവും സമ്മതവുമുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം അമ്പതോളം ചെറുപ്പക്കാരെ സി.പി.എം കൊന്നുതള്ളി. പെരിയയിൽ ശരത് ലാലിനെയും കൃപേഷിനെയും കൊന്നതും സി.പി.എമ്മാണ്. പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് ഓരോ കൊലപാതകവും നടത്തിയതെന്ന ഉത്തമബോദ്ധ്യം കോൺഗ്രസിനുണ്ട്. ആകാശ് തില്ലങ്കേരി അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി നഗ്നസത്യങ്ങൾ വിളിച്ചുപറഞ്ഞതിൽ സന്തോഷമുണ്ട്. ഷുഹൈബിന്റെ ഘാതകർക്ക് ശിക്ഷ ലഭിക്കും വരെ കോൺഗ്രസ് നിയമപോരാട്ടം തുടരും. ഈ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കണ്ണിൽച്ചോരയില്ലാത്തവരാണ് സി.പി.എം. ഖജനാവിൽനിന്നും 1.36 കോടി ചെലവാക്കി മുൻനിര അഭിഭാഷകരെ നിയോഗിച്ച് കൊലപാതകികളെ രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സുപ്രീംകോടതിയിൽനിന്നും അനുകൂലവിധി ലഭിക്കുമെന്ന വിശ്വാസമുണ്ട്.
തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്: ചെന്നിത്തല
തിരുവനന്തപുരം: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക് പോസ്റ്റിലൂടെ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ നാലാം വാർഷികം ആചരിക്കുന്ന വേളയിലാണ് കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങൾ മറനീക്കി പുറത്തുവരുന്നത്. കൊന്നവരും കൊല്ലിച്ചവരും വഴി പിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല. മകനെയോർത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണ്. കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ വന്നപ്പോൾ നിലനില്പിനായി സ്വയം സംഘടിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ തുടർച്ചയായി അഴിഞ്ഞാടുന്നതിന്റെ ഉത്തരവാദിത്വം സി.പി.എം നേതൃത്വത്തിനാണ്. ക്വട്ടേഷൻ സംഘങ്ങളെ ഉല്പാദിപ്പിക്കുന്ന കമ്പനിയായി സി.പി.എം മാറി. കൃത്യം ചെയ്തവർ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തിൽ കൊലയ്ക്ക് പ്രേരണ നൽകിയവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പാർട്ടിക്കാർക്ക് അഴിമതിയും വൻ വെട്ടിപ്പും നടത്താൻ മാത്രമല്ല ,കൊലക്കേസ് പ്രതികൾക്ക് ജോലി നൽകി സുരക്ഷയ്ക്കുള്ള താവളമായും സഹകരണബാങ്കുകളെ സി.പി.എം മാറ്റുന്നുവെന്ന് . ചെന്നിത്തല പറഞ്ഞു.
സി.പി.എം നേതാവിന്റെ വെളിപ്പെടുത്തൽ ഗുരുതരം:കെ.സുരേന്ദ്രൻ
തിരുവനന്തപുരം:രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് സി.പി.എമ്മിന്റെ കണ്ണൂരിലെ പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടികളില്ലാത്തത് ആശ്ചര്യമാണെന്നും ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ. കണ്ണൂരിലെ സ്വർണക്കടത്ത് സംഭവങ്ങളുടെയും ആലപ്പുഴയിലെ ലഹരിക്കടത്തിന്റെയും പിന്നിൽ സി.പി.എമ്മിലെ ഒരുവിഭാഗമാണ്.ഇത് ആ പാർട്ടിയിലെ രാഷ്ട്രീയ ജീർണതയും തകർച്ചയുമാണ് കാണിക്കുന്നത്.ഇത്തരം മാഫിയ പ്രവർത്തനങ്ങളുടെ പേരിലുള്ള സി.പി.എമ്മിനുള്ളിലെ തർക്കങ്ങളാണ് സംഘട്ടനങ്ങളിലെത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.