'അരലക്ഷം' വിലയുമായി വി.ഐ.പി 'പൂവൻ"

Friday 17 February 2023 12:19 AM IST

മണ്ണാർക്കാട്: ഒരു നാടൻ പൂവൻകോഴിക്ക് എത്ര രൂപ വിലയുണ്ടാകും. 500,1000,2000... എന്നിങ്ങനെ വില പറയുന്നവരോട് തച്ചമ്പാറക്കാർ പറയും അരലക്ഷമെന്ന്! തെറ്റിദ്ധരിക്കേണ്ട,​ഇത് മാർക്കറ്റ് വിലയല്ല. ലേലത്തിൽ ലഭിച്ചതാണ്. തച്ചമ്പാറ കുന്നത്തുകാവ് പൂരത്തിനോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരണമാണ് കോഴിയെ നാട്ടിലെ സ്റ്റാറാക്കിയത്.

പൂരത്തിന് കലാപരിപാടി സംഘടിപ്പിക്കുന്ന ജാഗ്രത കമ്മിറ്റിയാണ് ലേലമൊരുക്കിയത്. ദിവസവും ഓരോ സാധനങ്ങൾ ലേലം വിളിച്ചുള്ള ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം. ഇതനുസരിച്ച് കഴിഞ്ഞ ദിവസം പൂവൻകോഴിയെ ലേലത്തിന് വച്ചു. കൊമ്പൻസ് തെക്കുംപുറം,കൂൾ ബോയ്സ് തച്ചമ്പാറ,പഞ്ചമി കൂറ്റമ്പാടം എന്നീ വേല കമ്മിറ്റികൾ ലേലത്തിൽ ആവേശകരമായി പങ്കെടുത്തു. പത്തുരൂപയ്ക്ക് തുടങ്ങിയ വിളി വാശിയേറിയതോടെ ആയിരങ്ങളും പതിനായിരവും കടന്ന് അരലക്ഷത്തിലെത്തി. ശരിക്കും ലേലം അവസാനിച്ചതല്ല,സമയപരിധി മൂലം അവസാനിപ്പിച്ചതാണെന്ന് സംഘാടകർ പറയുന്നു. അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്നാണ് ഇവർ പറയുന്നത്. കൂൾ ബോയ്സ് തച്ചമ്പാറയാണ് അരലക്ഷത്തിന് കോഴിയെ ലേലത്തിൽ പിടിച്ചത്.

ഇതോടെ കോഴി സൂപ്പർ സ്റ്റാറായി. പിന്നെ കോഴിയോടൊപ്പം സെൽഫിയെടുക്കാനുള്ള തിക്കും തിരക്കുമായി. വിവരമറിഞ്ഞ് ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകളെത്തി. ലേലത്തുക കലാപരിപാടി ഗംഭീരമാക്കാൻ ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് മൂന്നിനാണ് പൂരം.