പെരിന്തൽമണ്ണ: ബാലറ്റ് പെട്ടി സംഭവം തിര. കമ്മിഷൻ അന്വേഷിക്കാൻ ഉത്തരവ്

Friday 17 February 2023 12:00 AM IST

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായ സംഭവം ഇലക്ഷൻ കമ്മിഷൻ അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പെരിന്തൽമണ്ണ സബ്‌ട്രഷറിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പെട്ടി മലപ്പുറത്തെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ എങ്ങനെയെത്തി, ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെ, പോസ്റ്റൽ ബാലറ്റുകൾ അടങ്ങിയ പായ്ക്കറ്റിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്.

സാധുവായ 482 പോസ്റ്റൽ വോട്ടുകളുടെ കെട്ട് കാണാതായ സംഭവം ഇലക്ഷൻ കമ്മിഷൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടിന് കോടതി മുറിയിൽ പെട്ടി തുറന്ന് തിരഞ്ഞെടുപ്പു രേഖകൾ പരിശോധിക്കാൻ കക്ഷികൾക്ക് കോടതി അനുമതി നൽകി.

നജീബ് കാന്തപുരത്തെ പെരിന്തൽമണ്ണയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുത്ത നടപടിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് എതിർ സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്.