ബോധവത്കരണ ക്ലാസ്

Friday 17 February 2023 12:29 AM IST

പത്തനംതിട്ട : സംസ്ഥാന ഭിന്നശേഷി കമ്മി​ഷണറേറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. ആരോഗ്യ, വനിത, ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ജില്ലകളിലെയും സിവിൽ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന ഭിന്നശേഷി കമ്മി​ഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദേവൻ കെ.മേനോൻ നന്ദി പറയും. ഉച്ചയ്ക്ക് 12 മുതൽ ജീവനക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടക്കും.