@ ഡി.പി.ആർ മാർച്ച് അവസാനത്തോടെ കോഴിക്കോടാവും കനാൽ സിറ്റി

Friday 17 February 2023 12:02 AM IST
കനോലി കനാൽ

@ ആദ്യഘട്ടം സരോവരത്ത്

@ ഒന്നര മാസം കൊണ്ട് മുഴുവൻ ഡി.പി.ആറും

കോഴിക്കോട്: ആശങ്കകളും സാങ്കേതിക തടസങ്ങളും മാറി കോഴിക്കോട് നഗ​ര​ത്തി​ന്റെ​ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന കനാൽ സിറ്റി പദ്ധതി വെളിച്ചത്തിലേക്ക്. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) മാർച്ച് അവസാനത്തോടെ തയ്യാറാകും. സാ​ദ്ധ്യ​താ​പ​ഠ​നം ന​ട​ത്തി രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കു​ന്ന​ത്​ ലീ ​അ​സോ​സി​യേ​റ്റ്‌​സ് സൗ​ത്ത് ഏ​ഷ്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ്. ക​നാ​ലി​ന്റെ ഇ​പ്പോ​ഴു​ള്ള അ​തി​ർ​ത്തി അ​ള​ന്ന്​ തി​ട്ട​പ്പെ​ടു​ത്തു​ക, ​മ​ണ്ണു​പ​രി​ശോ​ധ​ന എ​ന്നി​വ പൂ​ർ​ത്തി​യാ​യി. അ​തി​ർ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ടോ​പ്പോ ​ഗ്രാ​ഫി​ക്ക​ൽ സ​ർ​വേ, വാ​ട്ട​ർ ബാ​ല​ൻ​സ് എ​ന്നി​വ​യും ന​ട​ന്നു. ആദ്യഘട്ട പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് കിഫ്ബിയുടെ പരിഗണനയിലാണ്. കനാലിൽ ബോട്ട് സർവീസും നഗരത്തിൽ ടൂറിസം വികസനവുമാണ് ലക്ഷ്യമാക്കുന്നത്. സരോവരം ഭാഗത്താണ് ആദ്യഘട്ട നിർമാണം തുടങ്ങുക. ഈ ഭാഗത്തെ ക​നാ​ലി​ന്റെ ഇ​രുവ​ശ​ത്തും ഒന്നര കിലോമീറ്റർ പ​രി​ധി​യി​ലാണ് പ്രവൃത്തി നടക്കുക. കനാലിന്റെ ആഴം കൂട്ടും. നിലവിൽ വീ​തി​യേറിയതും പാലം ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ളതുമാണ് സരോവരം ഭാഗം തെരഞ്ഞെടുക്കാൻ കാ​ര​ണം. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 45 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷം മുമ്പ് കനാൽ നവീകരണത്തിന് തുടക്കമിട്ടപ്പോൾ ബോട്ട് സർവീസ് ഉൾപ്പെടെ പരിഗണനയിലുണ്ടായിരുന്നു. അതുകൂടി പരിഗണിച്ചായിരിക്കും പുതിയ പദ്ധതി ആസൂത്രണം ചെയ്യുക. കിഫ്ബിയുടെ അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടിയുമായി മുന്നോട്ടുപോകാൻ കഴിയും. കേരള വാട്ടർ വേയ്‌സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (ക്വില്ലി) നേതൃത്വത്തിൽ 1118 കോടിയുടേതാണ് കനാൽ സിറ്റി പദ്ധതി.

@ വിനോദവും വ്യാപാരവും

കനാൽ സിറ്റി പദ്ധതിയിലൂടെ

കനോലി കനാലിനെ ആധുനിക നിലവാരത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം. ജലഗതാഗതം, ചരക്കുഗതാഗതം എന്നിവയ്ക്കൊപ്പം വിനോദ സഞ്ചാര സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. മലിനജല ശുദ്ധീകരണ പ്ലാന്റ്‌, മിനി ബൈപാസ്‌, പാലങ്ങൾ പുതുക്കിപ്പണിയൽ, അപ്രോച്ച്‌ റോഡുകളുടെ വികസനം തുടങ്ങിയവ ഉൾപ്പെടെ കനാലിൽ 11.2 കിലോമീറ്റർ ദൂരപരിധിയിൽ 1118 കോടിയുടെ പദ്ധതിയാണ്‌ തയ്യാറാകുന്നത്‌. കനാലിലെ ചെളി നീക്കി വീതികൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരമാകും. ചരക്ക് ഗതാഗതത്തോടൊപ്പം കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് പുത്തൻ ഉണർവ് നൽകും. കനാൽ തീരങ്ങളുടെ സൗന്ദര്യവത്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരം സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രീറ്റ്മെന്റ് സംവിധാനവും ഒരുക്കും.