ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ, പാലിൽ കാൻസറിന് കാരണമാകുന്ന അഫ്ലോടോക്‌സിൻ സാന്നിദ്ധ്യം

Friday 17 February 2023 12:25 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ കാൻസറിന് കാരണമാകുന്ന അഫ്ളാടോക്‌സിൻ എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി.വൻകിട പാൽകച്ചവടക്കാർ,ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡെയറി ഫാമുകൾ, പാൽ കച്ചവടക്കാർ തുടങ്ങിയവരിൽ നിന്ന് ശേഖരിച്ച സാമ്പികളുകളിലാണ് രാസവസ്തുവിന്റെ സാന്നിദ്ധ്യമുള്ളത്. ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സർക്കിളുകളിൽ നിന്നും പാലിന്റെ 452സാമ്പിളുകൾ ശേഖരിച്ചതിൽ 10 ശതമാനത്തിലാണ് അഫ്ളാടോക്‌സിൻ എം1 സാന്നിദ്ധ്യം കണ്ടെത്തിയത്. പശുവിന് നൽകുന്ന തീറ്റയിലൂടെയാണ് അഫ്ളാടോക്‌സിൻ എം1 പാലിൽ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. പാൽ മലിനീകരണത്തിന്റെ സാദ്ധ്യതയെപ്പറ്റി ക്ഷീരകർഷകർക്കിടയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പശുകൾക്ക് നൽകുന്ന പുല്ലിലും വൈക്കോലിലും ഉണ്ടാകുന്ന പൂപ്പൽ ബാധയിൽ നിന്ന് പുറന്തള്ളുന്ന രാസവസ്തുവാണിത്. ചോളം, പരുത്തിക്കുരുപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ വിവിധ സാന്ദ്രീകൃത കാലിത്തീറ്റകളിലുണ്ടാകുന്ന പൂപ്പലുകളും അഫ്ളാടോക്‌സിൻ പുറന്തള്ളാറുണ്ട്.

Advertisement
Advertisement