മരുന്ന് മൊത്ത വ്യാപാര കേന്ദ്രങ്ങൾ കുത്തിത്തുറന്ന് 1.31 ലക്ഷം കവർന്നു

Friday 17 February 2023 12:46 AM IST

കൊല്ലം: നഗരത്തിലെ അഞ്ച് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങൾ കുത്തിത്തുറന്ന് രണ്ടിടങ്ങളിൽ നിന്നായി 1.30 ലക്ഷം കവർന്നു. മറ്റ് മൂന്ന് സ്ഥാപനങ്ങൾ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ആകെ പരതി നോക്കിയെങ്കിലും പണം ഉണ്ടായിരുന്നില്ല. ഡ്രഗ്‌ലിംഗ്സ് എന്ന സ്ഥാപനത്തിൽ 70,000 രൂപയും ആശ്രാമം സ്വദേശി സാമുവൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാണിയപുരയ്ക്കൽ എന്റർപ്രൈസസിൽ നിന്ന് 61.500 രൂപയുമാണ് നഷ്ടമായത്.

കടകളിലെ സാധനങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്. വാണിപുരയ്ക്കൽ എന്റർപ്രൈസസിലെ എട്ട് നിരീക്ഷണ കാമറകളും സെർവറും കവർന്നിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ തകർത്ത പൂട്ടുകൾ തൊട്ടടുത്തുള്ള ചവറ്റുകൂനയിൽ നിന്ന് കണ്ടെത്തി. കാമറകൾ കൂടി നഷ്ടമായ ഇനത്തിൽ വാണിയപുരയ്ക്കൽ എന്റർപ്രൈസസിന് ആകെ 1.26 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള രണ്ടുകടകളിലെ പൂട്ടും കാമറകളും നശിപ്പിച്ചു. രാവിലെ കടയുടമകൾ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. രണ്ട് കടകളിലും നാണയങ്ങളുണ്ടായിരുന്നെങ്കിലും മോഷ്ടാവ് എടുത്തില്ല.

ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെ മുഖംമൂടി ധരിച്ച് മോഷ്ടാവ് എത്തുന്നതിന്റെ ദൃശ്യം എതിർവശത്തുള്ള സ്ഥാപനത്തിലെ കാമറയിൽ നിന്ന് ലഭിച്ചു. ഒറ്രയ്ക്കായിരുന്നു കവർച്ച. പ്രദേശത്ത് ഇരുട്ടായതിനാൽ മൊബൈൽ ടോർച്ച് തെളിച്ചാണ് പൂട്ടുകൾ തകർത്തത്. വിരലടയാള വിദഗ്ദ്ധർക്ക് മോഷ്ടാവിന്റെ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. കമ്പിപ്പാര ഉപയോഗിച്ചാണ് വാതിലുകൾ തകർത്തതെന്ന് കരുതുന്നു. കൊല്ലം ഈസ്റ്റ് പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സമീപകാലത്ത് ജയിൽവാസം കഴിഞ്ഞിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റിസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.