കിഫ്ബി മസാല ബോണ്ട്: എൻ.ഒ.സി നൽകിയെന്ന് റിസർവ് ബാങ്ക്

Friday 17 February 2023 1:06 AM IST

കൊച്ചി: കിഫ്ബിക്ക് മസാല ബോണ്ട് മുഖേന വിദേശത്തു നിന്ന് പണം സമാഹരിക്കാൻ 2018 ജൂൺ ഒന്നിന് എൻ.ഒ.സി നൽകിയിരുന്നെന്നും ,പണം സമാഹരിച്ചതിൽ വിദേശ നാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുണ്ടോയെന്നതിൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനാണ് (ഇ.ഡി) അധികാരമെന്നും റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഹൈക്കോടതിയിൽ അറിയിച്ചു.

മസാല ബോണ്ടു വഴി പണം സമാഹരിച്ചതിലും വിനിയോഗിച്ചതിലും വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നതിനെതിരെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി അധികൃതരും നൽകിയ ഹർജികളിലാണ് വിശദീകരണം.

മസാല ബോണ്ടു വഴി സമാഹരിച്ച പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന വിവരം

മാസം തോറും നിശ്ചിത ഫോമിൽ നൽകണമെന്നുണ്ട്. ഏതു ബാങ്കു വഴിയാണോ അപേക്ഷ നൽകിയത് ആ ബാങ്കിന്റെ സർട്ടിഫിക്കറ്റ് സഹിതം നൽകണം. പണം തിരികെ അടച്ചതിന്റെ വിവരങ്ങളും നൽകണം. കിഫ്ബി ഈ ഫോമും മറ്റു വിവരങ്ങളും ഇതുവരെ നൽകിയിട്ടു

ണ്ടെന്നും,റിസർവ് ബാങ്ക് കൊച്ചി റീജിയണൽ ഓഫീസിലെ അസി. ജനറൽ മാനേജർ ശാലിനി പ്രദീപ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

തോമസ് ഐസക്കിനു പുറമേ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഹർജിക്കാർ. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. പ്രഥമദൃഷ്‌ട്യാ ഫെമയുടെ ലംഘനമുണ്ടെന്നും സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇ.ഡി വാദിച്ചതിനാലാണ് വിശദീകരണത്തിനായി റിസർവ് ബാങ്കിനെ ഹർജികളിൽ കക്ഷി ചേർത്തത്. ഹർജികൾ അടുത്ത മാസം വീണ്ടും പരിഗണിക്കും.