സിൻഡിക്കേറ്റിൽ അനധികൃത അംഗത്വം: സർക്കാരിന് വി.സിയുടെ കത്ത്
Friday 17 February 2023 1:06 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിൽ സി.പി.എം മുൻ എം.പി ഡോ:പി.കെ. ബിജു ഉൾപ്പെടെ ആറു പേർ അനധികൃതമായി തുടരുന്നെന്ന ആക്ഷേപത്തിൽ വ്യക്തത തേടി വൈസ്ചാൻസലർ പ്രൊഫ. സിസാതോമസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് നൽകി. 15 മാസമായി തുടരുന്ന ഇവരെ പുറത്താക്കണമെന്നും കൈപ്പറ്റിയ 50ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ ഗവർണർക്ക് പരാതി നൽകിയിരുന്നു.
2021ഫെബ്രുവരി 20ലെ ഓർഡിനൻസിലൂടെയാണ് നിയമഭേദഗതി വരുത്തി ഇവരെ സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. 2021ഒക്ടോബറിൽ ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കി. ഇതിൽ ഗവർണർ ഒപ്പിട്ടില്ല. ഇതോടെ ആറു പേരുടെയും നിയമനം അസാധുവായെന്നാണ് പരാതി. രാജ്ഭവനും കത്ത് കൈമാറിയിട്ടുണ്ട്.