കൊല്ലൂർ മൂകാംബിക ദേവിക്ക് എഴുന്നള്ളാൻ ഇനി പുതിയ ബ്രഹ്മരഥം സമർപ്പണം പൂർത്തിയായി

Friday 17 February 2023 1:08 AM IST

കാസർകോട് : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിക്ക് എഴുന്നള്ളാൻ ഇനി പുതിയ ബ്രഹ്മ രഥം. 400 വർഷങ്ങൾക്കു ശേഷം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ബ്രഹ്മരഥം ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ചടങ്ങ് ഇന്നലെ പൂർത്തിയായി. ബുധനാഴ്ച ഘോഷയാത്രയോടെയാണ് കൊല്ലൂരിൽ രഥ സമർപ്പണ ചടങ്ങുകൾ തുടങ്ങിയത്. കോട്ടേശ്വരയിൽ നിന്നും പ്രത്യേക ട്രക്കിൽ ഘോഷയാത്രയായാണ് ബ്രഹ്മ രഥം ബുധനാഴ്ച രാത്രി കൊല്ലൂർ ക്ഷേത്രസന്നിധിയിൽ എത്തിച്ചത്. വഴിനീളെ രഥത്തിന് സ്വീകരണവും ഉണ്ടായിരുന്നു. സമർപ്പണ ചടങ്ങ് നടന്ന ഇന്നലെ ബ്രഹ്മ രഥം കാണാൻ നിരവധി ഭക്തർ കൊല്ലൂരിൽ എത്തിയിരുന്നു. ക്ഷേത്രസന്നിധിയിൽ എത്തിച്ച ബ്രഹ്മരഥം ശുദ്ധീകരിച്ച് വൈകിട്ട് ആറുമണിയോടെ വാസ്തു ഹോമവും തുടർന്ന് രഞ്ചുബന്ധന ഹോമവും നടന്നു. വ്യാഴാഴ്ച പുലർച്ചെ ആറുമണിക്ക് പഴയ രഥത്തിൽ ശക്തിവിസർജന ഹോമം നടത്തി. ശേഷം പുതിയ രഥത്തിലേക്ക് ശക്തിപകരാനായി മുഖ്യ തന്ത്രി ഡോ. രാമചന്ദ്ര അഡികയുടെ കാർമികത്വത്തിൽ പഞ്ചകാല തത്വ ഹോമം നടത്തി. പീഠപൂജയും തുടർന്ന് ഉച്ചയ്ക്ക് 12.15ന് അഭിജിത് മുഹൂർത്തത്തിൽ ബ്രഹ്മ രഥ സമർപ്പണവും നടന്നു. മുരുഡേശ്വര ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി സുനിൽ ആർ ഷെട്ടിയാണ് പുതിയ രഥനിർമ്മാണത്തിന്റെ ചിലവുകൾ വഹിച്ചത്. കർണാടകയിലെ അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായണ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്ന് രണ്ടുവർഷം കൊണ്ടാണ് ബ്രഹ്മ രഥം നിർമ്മിച്ചത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിന് അരികിലായി ചില്ല് കൂട്ടിൽ സ്ഥാപിക്കുമെന്ന് കൊല്ലൂർ ക്ഷേത്രം ട്രസ്റ്റി പറഞ്ഞു. രഥത്തിന്റെ സമർപ്പണ ചടങ്ങുകൾ നടത്തിയെങ്കിലും മാർച്ച് 15ന് നടക്കുന്ന മഹാരഥോത്സവത്തിലാണ് മൂകാംബിക ദേവി നഗരവീഥിയിലേക്കും തിരിച്ചും പുതിയ രഥത്തിൽ എഴുന്നെള്ളുക . രണ്ടു കോടി രൂപ ചെലവിൽ തേക്കിലും ആവണി പ്ലാവിലും ആണ് പുതിയ രഥം നിർമ്മിച്ചത്.

Advertisement
Advertisement