അഭിഭാഷക എൻറോൾമെന്റ്: കൂടുതൽ ഫീസ് ഈടാക്കുന്നത് തടഞ്ഞു

Friday 17 February 2023 1:09 AM IST

കൊച്ചി: അഭിഭാഷകരായി എൻറോൾ ചെയ്യാൻ നിയമ ബിരുദധാരികളിൽ നിന്ന് കേരള ബാർ കൗൺസിൽ 750രൂപയിൽ കൂടുതൽ ഫീസ് ഈടാക്കുന്നത് ഹൈക്കോടതി തടഞ്ഞു. എൻറോൾമെന്റ് ഫീസായി വൻ തുക ഈടാക്കുന്നെന്നാരോപിച്ച് ഇടുക്കി സ്വദേശി അക്ഷയ്. എം. ശിവൻ ഉൾപ്പെടെ പത്തു പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി. പി. ചാലിയുടെ ഇടക്കാല ഉത്തരവ്. എൻറോൾമെന്റിന് കൂടുതൽ ചെലവുകളുണ്ടെന്ന് ബാർ കൗൺസിൽ വാദിച്ചെങ്കിലും അധിക തുക ഈടാക്കാൻ കഴിയില്ലെന്ന് കോടതിയുടെ മുൻകാല വിധികളുണ്ടെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാരിൽ നിന്ന് 750രൂപ മാത്രം ഫീസ് ഈടാക്കി അപേക്ഷ സ്വീകരിക്കാനും ഹർജിയിലെ അന്തിമ വിധിക്കു വിധേയമായിരിക്കും ഇതെന്നും ഉത്തരവിൽ പറയുന്നു.