സംസ്ഥാനം സുപ്രീംകോടതിയിൽ, മഞ്ജുവാര്യരുടെ മൊഴി വീണ്ടുമെടുക്കണം
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ തെളിവു നശിപ്പിച്ചതിൽ ദിലീപിന്റെ പങ്ക് തെളിയിക്കുന്നതിന് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുക്കണമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട വോയ്സ് ക്ലിപ്പിലെ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്‌ദം തിരിച്ചറിയാനും മഞ്ജുവിനെ വിസ്തരിക്കേണ്ടതുണ്ടെന്ന് അറിയിച്ചു.
മഞ്ജുവിനെയടക്കം വീണ്ടും വിസ്തരിക്കുന്നതിനെ ദിലീപ് കഴിഞ്ഞ ദിവസം എതിർത്തിരുന്നു.
തെളിവുശേഖരിച്ചതിൽ സംഭവിച്ച പോരായ്‌മ നികത്താനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന ദിലീപിന്റെ ആരോപണവും സർക്കാർ അഭിഭാഷകൻ തള്ളി.
ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഇന്നത്തെ നിലപാട് കേസിൽ നിർണ്ണായകമാകും. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും, സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്കുമാറുമാണ് ഹാജരാകുന്നത്.
രണ്ടാംഘട്ട വിചാരണയിൽ 39 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷൻ എറണാകുളത്തെ വിചാരണക്കോടതിക്ക് കൈമാറിയിരുന്നത്. ഇതിൽ 32 സാക്ഷികളെ വിസ്‌തരിച്ചാൽ മതിയെന്ന് സർക്കാർ അഭിഭാഷകൻ നിഷെ രാജൻ ശങ്കർ മുഖേന സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ച ഏഴ് പേരിൽ മൂന്ന് പേരെ വിസ്‌തരിച്ച് കഴിഞ്ഞു. മഞ്ജു വാര്യർ, ദിലീപിന്റെ സഹോദരൻ അനൂപ് എന്ന പി.ശിവകുമാർ, ബന്ധു സൂരജ്, കുടുംബ ഡോക്‌ടർ ഹൈദരാലി എന്നിവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്.
വിചാരണ നീട്ടാനാണ് നടിയും അന്വേഷണസംഘവും ശ്രമിക്കുന്നതെന്നും തന്റെ പ്രൊഫഷനും വ്യക്തി ജീവിതവും തകർന്നെന്നും അഭിനയ കരിയറിലെ ആറ് വർഷങ്ങൾ നഷ്‌ടപ്പെട്ടെന്നും ദിലീപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതും ഇന്ന് കോടതിയുടെ പരിഗണനയ്‌ക്കെത്തും.
പ്രതിഭാഗം ക്രോസ് വിസ്താരം
വലിച്ചുനീട്ടുന്നു: സർക്കാർ
2020 ജനുവരി മുപ്പതിനാണ് വിചാരണ ആരംഭിച്ചത്. ലോക്ക്‌ഡൗൺ, സ്റ്റേ ഉത്തരവുകൾ, രണ്ട് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജി തുടങ്ങിയവ വിചാരണയെ ബാധിച്ചു
ഇതിനിടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചു. 2022 നവംബർ പത്തിന് വിചാരണ പുനഃരാരംഭിച്ചു
പ്രതിഭാഗം അസാധാരണമായ തരത്തിൽ ദൈർഘ്യമേറിയ ക്രോസ് വിസ്‌താരമാണ് നടത്തുന്നത്. അതുകൊണ്ട് ഫെബ്രു. 13 വരെ 29 പേരുടെ മൊഴിയേ രേഖപ്പെടുത്താനായുള്ളൂ
ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്‌താരം നീണ്ടത് പ്രതിഭാഗം അഭിഭാഷകരുടെ അസൗകര്യവും മറ്റ് കാരണങ്ങളാലുമാണ്. ഇതിനിടെ ബാലചന്ദ്രകുമാർ ശസ്ത്രക്രിയക്ക് വിധേയനായി
കമ്മിഷനെ ഉപയോഗിച്ചോ വീഡിയോ കോൺഫറൻസിലൂടെയോ ബാലചന്ദ്രകുമാറിനെ വിസ്‌തരിക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ