കെ.എസ്.ആർ.ടി.സി: ഫർലോ ലീവ് നിറുത്തി
Friday 17 February 2023 1:18 AM IST
തിരുവനന്തപുരം: പകുതി ശമ്പളം നൽകി ജീവനക്കാരെ മാറ്റി നിറുത്തുന്ന 'ഫർലോ ലീവ്' പദ്ധതി ലാഭകരമല്ലെന്ന് കണ്ട് കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചു. ഇതുപ്രകാരം ദീർഘകാല അവധിയിൽപോയ ജീവനക്കാർ മൂന്നു മാസത്തിനകം തിരികെ ജോലിയിൽ പ്രവേശിക്കണം. മേയ് 14നുള്ളിൽ എത്താനാണ് നിർദ്ദേശം. 25000 ജീവനക്കാരുള്ളതിൽ നൂറിൽ താഴെ മാത്രമാണ് പദ്ധതിയിൽ ചേർന്നത്. 45 വയസിന് മുകളിലുള്ളവർക്ക് താത്പര്യമുണ്ടെങ്കിൽ പകുതി ശമ്പളം വാങ്ങി ദീർഘകാല അവധിയിൽ പോകാമായിരുന്നു. ഡ്രൈവർമാരെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഡിസംബറിലാണ് നടപ്പാക്കിയത്. ശമ്പളച്ചെലവ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം.