ഷഹാനയുടെ മുഖം നെഞ്ചിലേറ്റി പ്രണവ് യാത്രയായി, വിടപറഞ്ഞത് അനേകം പേർക്ക് പ്രചോദനമായിരുന്ന പോരാളി

Friday 17 February 2023 3:40 PM IST

തൃശൂർ: വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് കിടപ്പിലായെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകം പേ‌ർക്ക് പ്രചോദനമായിരുന്ന പ്രണവ് (31) അന്തരിച്ചു. തൃശൂർ കണ്ണിക്കര സ്വദേശിയാണ്. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമൂഹമാദ്ധ്യമങ്ങളിലും പ്രണവ് ഏറെ ശ്രദ്ധേയനായിരുന്നു. പ്രണവ് ഷഹാന എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഷഹാനയും പ്രണവും തമ്മിലുള്ള വിവാഹം ഏറെ ചർച്ചയായിരുന്നു. 2020 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. ഒട്ടേറെ എതിർപ്പുകൾ മറികടന്നായിരുന്നു ഷഹാന പ്രണവിനെ വിവാഹം ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെയുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.

എട്ടുവർഷം മുൻപാണ് പ്രണവിന് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുന്നത്. നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ശരീരം പൂർണമായും തളർന്നുപോയി. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെ അനുഭവങ്ങളും മറ്റും പങ്കുവച്ച് പ്രചോദനമാവുകയായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലും പ്രണവ് സജീവമായിരുന്നു.

ഇരുവരും തമ്മിലുള്ള സന്തോഷനിമിഷങ്ങൾ പ്രണവ് സമൂഹമാദ്ധ്യങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. അടുത്തിടെ ഷഹാനയുടെ മുഖം നെഞ്ചിൽ പച്ചക്കുത്തിയതും ഫേസ്ബുക്കിൽ പങ്കുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.