പി.ആർ.എസ് വായ്പയിൽ കുടുങ്ങി കർഷകർ

Saturday 18 February 2023 12:25 AM IST

പാലക്കാട്: ഒന്നാംവിള നെല്ലിന്റെ സംഭരണ തുക അക്കൗണ്ടിൽ നിന്നെടുക്കാനെത്തിയ കർഷകർക്ക് തലവേദനയായി പി.ആർ.എസ് വായ്പ. അക്കൗണ്ടിലേക്ക് നേരിട്ട് പണം തരാൻ പറ്റില്ലെന്നും താങ്ങുവില വായ്പയായേ നൽകാൻ കഴിയൂ എന്നുമുള്ള കേരള ബാങ്കിന്റെ വ്യവസ്ഥയാണ് കർഷകരെ വലച്ചത്.

സപ്ലൈക്കോയ്ക്ക് നെല്ല് നൽകി പി.ആർ.എസ് ലഭിച്ച് നാലുമാസത്തിന് ശേഷമാണ് പണം ബാങ്ക് അക്കൗണ്ടിലെത്തിയത്. പണം കിട്ടണമെങ്കിൽ കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങണം. നെല്ലെടുക്കുമ്പോൾ നൽകുന്ന പാഡി റസീറ്റ് ഷീറ്റ് (പി.ആർ.എസ് ) വായ്പ എന്ന രീതിയിലാണ് പണം നൽകുന്നത്. സ്വന്തം നെല്ല് കൊടുത്ത പണം ബാങ്ക് അക്കൗണ്ടിൽ വന്നിട്ടും വായ്പയായി തരുന്നത് എന്ത് ന്യായമാണെന്നാണ് കർഷകർ ചോദിക്കുന്നത്.

കേരള ബാങ്ക് സപ്ലൈക്കോയ്ക്ക് 208 കോടി കൊടുക്കാൻ കരാറുണ്ടാക്കിയിട്ടുണ്ട്. അതുപ്രകാരമാണ് നെല്ലിന്റെ പണം അക്കൗണ്ടിൽ വന്നത്. വായ്പ സംഖ്യ സർക്കാർ ബാങ്കിന് കൈമാറാൻ താമസിച്ചാൽ 12 മാസത്തിനുള്ളിൽ കർഷകൻ മുതലും പലിശയും ചേർത്ത് അടക്കാൻ ബാദ്ധ്യസ്ഥനാണെന്ന നിബന്ധനയാണ് ബാങ്ക് മുന്നോട്ട് വെയ്ക്കുന്നത്.

തിരിച്ചടവ് വൈകിയാൽ കർഷകന് മറ്റു വായ്പകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും കടക്കാരനാകുകയും ചെയ്യും. ഇതോടെ വായ്പ യോഗ്യത നിശ്ചിയിക്കുന്ന സിബിൽ സ്‌കോറിൽ കർഷകർ കുടുങ്ങും.

കഴിഞ്ഞ വർഷം ഇത്തരത്തിൽ വായ്പ അനുവദിച്ചിരുന്നു. എന്നാൽ തിരിച്ചടവ് വൈകിയതോടെ കർഷകർക്ക് മറ്റു വായ്പകൾ ലഭിക്കുന്നതിനും തടസം നേരിട്ടു. ഏകദേശം 200 കോടിയാണ് നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ കർഷകർക്ക് നൽകാനുള്ളത്. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി താലൂക്കുകളിൽ രണ്ടാംവിള കൊയ്ത്ത് സജീവമായിട്ടുണ്ട്. ഇനി നെല്ലിന്റെ പണം യഥാസമയം കേരള ബാങ്കിന് നൽകിയില്ലെങ്കിൽ കർഷകർ കടക്കെണിയിലാകും.