ഒരു വർഷം ഒരു ലക്ഷം സംരംഭം... തുടങ്ങിയത് 11636; ജില്ല ഏഴാമത്

Saturday 18 February 2023 12:25 AM IST

പാലക്കാട്: വ്യവസായ വകുപ്പ് നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 11636 സംരംഭങ്ങൾ. ഇതുവഴി 25553 തൊഴിലവസരവും 616.82 കോടി നിക്ഷേപവും ലഭിച്ചു. സംസ്ഥാന തലത്തിൽ ജില്ല ഏഴാം സ്ഥാനത്താണ്. സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവരെ സഹായിക്കാനായി 2022 ജൂലായ്, ആഗസ്റ്റ്, സെപ്തംബർ, നവംബർ മാസങ്ങളിലായി ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ പരിധികളിലുമായി ഇതുവരെ 210 ലോൺ- ലൈസൻസ്- സബ്സിഡി മേള സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തിയത്.

താലൂക്ക് അടിസ്ഥാനത്തിൽ ഒറ്റപ്പാലത്ത് 4345 സംരംഭങ്ങളാണ് ലക്ഷ്യം. നിലവിൽ 3680 എണ്ണം ആരംഭിച്ചു. മണ്ണാർക്കാട് 1580 സംരംഭം തുടങ്ങി. ചിറ്റൂർ- 2595,​ ആലത്തൂർ- 1529,​ പാലക്കാട്- 2266 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

സംരംഭം തുടങ്ങാനുള്ള പിന്തുണയും സംശയം ദുരീകരിക്കാൻ ഇന്റേൺസ് സേവനവും നൽകുന്നുണ്ട്. ഇതിനായി പഞ്ചായത്ത്- നഗരസഭാ തലത്തിൽ 103 ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്. സംരംഭകൻ എന്താണ് ചെയ്യേണ്ടതെന്നും പ്രോജക്ട് റിപ്പോർട്ട്, മിഷനറി ലഭ്യത, അസംസ്കൃത വസ്തുക്കളുടെ ഉറവിടം തുടങ്ങി എല്ലാ വിവരങ്ങളും ഇന്റേൺസ് വഴി അറിയാം.

-ബെനഡിക്ട് വില്യം ജോൺ,​ ജനറൽ മാനേജർ,​ ജില്ലാ വ്യവസായ കേന്ദ്രം.