എങ്ങുമെത്താതെ അകത്തേത്തറ- നടക്കാവ് മേൽപ്പാലം

Saturday 18 February 2023 12:48 AM IST
നിർമ്മാണം നടക്കുന്ന അകത്തേത്തറ- നടക്കാവ് മേൽപ്പാലം

പാലക്കാട്: പൂർത്തീകരിക്കുമെന്ന് വാഗ്ദാനം നൽകി രണ്ടുകൊല്ലം കഴിഞ്ഞിട്ടും ഒച്ചിഴയും വേഗത്തിലാണ് അകത്തേത്തറ- നടക്കാവ് മേൽപ്പാലം നിർമ്മാണം. 2021 ജനുവരി 24ന് നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ഒരു കൊല്ലത്തിനുള്ളിൽ പാലം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞിരുന്നത്. പ്രവൃത്തി പൂർത്തീകരിക്കാൻ അടുത്ത വർഷം മാർച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിശദീകരണം.

മേൽപ്പാലത്തിൽ റെയിൽവേ നടത്തേണ്ട നിർമ്മാണ പ്രവൃത്തികൾക്കായി രണ്ടാമതും ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യ ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാതിരുന്നതിനെ തുടർന്നാണ് രണ്ടാമതും ക്ഷണിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. നടപടി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാനാണ് നീക്കം.

റെയിൽപ്പാതയ്ക്ക് മുകളിലുള്ള മൂന്ന് തൂണും പാലവുമാണ് റെയിൽവേ നിർമ്മിക്കേണ്ടത്. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള ജോലികൾ ഇഴയുകയാണെന്ന് ആരോപിച്ച് ജനങ്ങളും മറ്റു സംഘടനകളും പ്രതിഷേധിച്ചിരുന്നു.

അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങി

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (ആർ.ബി.ഡി.സി) നിർമ്മാണ ചുമതല. പാലത്തിലേക്കുള്ള 800 മീറ്റർ അപ്രോച്ച് റോഡിന്റെയും ഒരു കിലോമീറ്റർ വരുന്ന ഓവുചാലിന്റെയും നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

50 ശതമാനം നിർമ്മാണം പൂർത്തിയായതായും റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള ജോലി പൂർത്തീകരിച്ചാലേ ബാക്കി നടത്താനാവൂ എന്നും ആർ.ബി.ഡി.സി അധികൃതർ അറിയിച്ചു. 11.63 കോടി ഇതിനായി വകയിരുത്തിയിട്ടുണ്ട്. പാലത്തിന്റെ 16 തൂണുകളിൽ എട്ടണ്ണം ആർ.ബി.ഡി.സി പൂർത്തിയാക്കി.