കേരളത്തിലും ഗ്രാഫീൻ വ്യാവസായിക ഉത്‌പാദനം
ഉത്പാദനത്തിന് തുടക്കമിട്ട് കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്‌സൽ
കൊച്ചി: 'നാളെയുടെ അദ്ഭുത പദാർത്ഥം" എന്നറിയപ്പെടുന്ന ഗ്രാഫീനിൽ അധിഷ്‌ഠിതമായ വ്യാവസായിക ഉത്‌പാദനത്തിന് തുടക്കമിട്ട് കേരളം. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്‌സലാണ് (സി.യു.എം.ഐ) ഉത്പാദനത്തിന് തുടക്കമിട്ടത്.
സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയിൽ നിർണായക ചുവടുവയ്‌പ്പാണിതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സ്വാഭാവിക റബർ, സിന്തറ്റിക് റബർ, കൊറോഷൻ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ് വേഗം കൂട്ടൽ തുടങ്ങി ഒട്ടേറെമേഖലകളിൽ കാര്യശേഷി വർദ്ധിപ്പിക്കാൻ ഗ്രാഫീൻ ഉപയോഗിക്കുന്നുണ്ട്.
'ഗ്രാഫീനോ" എന്ന പേരിൽ പ്രത്യേകപദ്ധതി ആവിഷ്കരിച്ചാണ് കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രാഫീൻ ഉത്പാദനം ആരംഭിച്ചത്. കാക്കനാട്ട് പ്രത്യേക ലാബും പ്ളാന്റും സ്ഥാപിച്ചിട്ടുണ്ട്. 12000 ചതുരശ്രഅടിയിലെ പ്ളാന്റിൽ പ്രതിവർഷം 6 ലക്ഷം ലിറ്റർ ഗ്രാഫീൻ പൗഡർ സംസ്കരിക്കാം. കോമ്പോസിറ്റുകൾ, കോട്ടിംഗ്, ഊർജ്ജം എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്.
ഇലാസ്റ്റമേഴ്സ്, കോൺക്രീറ്റ്, തെർമോസെറ്റിംഗ് പോളിമറുകൾ എന്നിവയിലാണ് കോമ്പോസിറ്റ് മേഖലയിൽ കാർബോറാണ്ടം ഊന്നൽ നൽകുന്നത്. ആന്റി കൊറോഷൻ, ആന്റി മൈക്രോബയൽ മേഖലകളിലും കാർബോറാണ്ടം ശ്രദ്ധ നൽകുന്നു. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവയ്ക്കാവശ്യമായ ഗ്രാഫീൻ ഉത്പന്നങ്ങളും കാർബോറാണ്ടം നിർമ്മിക്കുന്നുണ്ട്.
വ്യാവസായിക ഉത്പാദനത്തിനാവശ്യമായ ഗവേഷണങ്ങൾക്കായി മാഞ്ചസ്റ്റർ സർവകലാശാല, ചെന്നൈ ഐ.ഐ.ടി., കൊച്ചി സർവകലാശാല തുടങ്ങിയവയുമായി ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്.
'ഗ്രാഫീൻ" വ്യവസായ പാർക്കുകൾ
ആരംഭിക്കും: മന്ത്രി പി.രാജീവ്
കേരളത്തിൽ ഗ്രാഫീൻ അധിഷ്‌ഠിത വ്യവസായപാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിനൊപ്പം കാർബോറാണ്ടം ഗ്രാഫീൻ സെന്റർ സന്ദർശിക്കുകയായിരുന്നു മന്ത്രി. ഗ്രാഫീൻ ഗവേഷണത്തിന് ഓക്‌സ്‌ഫോഡ്, എഡിൻബറോ സർവകലാശാലകളുമായി കേരളം ധാരണാപത്രം ഒപ്പിട്ടിരുന്നു. മന്ത്രിയെയും പ്രിൻസിപ്പൽ സെക്രട്ടറിയെയും കമ്പനി ചെയർമാൻ എം.എം.മുരുഗപ്പൻ, മാനേജിംഗ് ഡയറക്‌ടർ എൻ.അനന്തശേഷൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
''തമിഴ്നാട് ആസ്ഥാനമായ കമ്പനി കേരളത്തിലെത്തി 60 വർഷം പൂർത്തിയാക്കുമ്പോൾ ഗ്രാഫീൻ ഉത്പാദനത്തിന് തുടക്കമിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാജ്യത്താദ്യമായി കേരളത്തിൽ ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനിൽ കാർബോറാണ്ടം സജീവ പങ്കാളിയാണ്""
എം.എം.മുരുഗപ്പൻ,
ചെയർമാൻ, മുരുഗപ്പ ഗ്രൂപ്പ്