സഞ്ചാരികളെ വരവേൽക്കാൻ പുത്തൻ പദ്ധതികളുമായി കേരളം

Saturday 18 February 2023 1:10 AM IST

ചെന്നൈ: കൊവിഡുൾപ്പെടെയുള്ള പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറിയ കേരളാ ടൂറിസം, ആഭ്യന്തര വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് തനത് സൗന്ദര്യങ്ങൾക്ക് പുറമേ ആകർഷകമായ പുത്തൻ പദ്ധതികളും. വിദേശ സഞ്ചാരികൾക്ക് പുറമേ ആഭ്യന്തര സഞ്ചാരികളെയും വലിയതോതിൽ കേരളം ആകർഷിക്കുന്നുണ്ട്.

കഴിഞ്ഞവർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കേരളം കുറിച്ചത് എക്കാലത്തെയും ഉയരമാണ്. നടപ്പുവർഷം ആദ്യ മൂന്ന് ത്രൈമാസങ്ങളിൽ 1.33 കോടി ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തി. കൊവിഡിന് മുമ്പത്തേക്കാളും 1.34 ശതമാനം അധികമാണിതെന്ന് കേരള ടൂറിസം ഡയറക്‌ടർ പി.പി.നൂഹ് പറഞ്ഞു.

ചെന്നൈയിൽ സംഘടിപ്പിച്ച കേരളാ ടൂറിസം റോഡ്‌ഷോയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെയും തമിഴ്നാട്ടിലെയും ടൂർ ഓപ്പറേറ്റർമാരെ ഒരുകുടക്കീഴിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റോഡ് ഷോ. നിരവധി ബി2ബി യോഗങ്ങൾ ഇതോടൊപ്പം നടന്നു. കഴിഞ്ഞവർഷത്തെ ആഭ്യന്തര സഞ്ചാരികളിൽ മുന്തിയപങ്കും തമിഴ്നാട്ടിൽ നിന്നായിരുന്നുവെന്ന് കേരള ടൂറിസം പ്രിൻസിപ്പിൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് പറഞ്ഞു.

കാരവൻ ടൂറിസമാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പുത്തൻ ടൂറിസം ഉത്‌പന്നം. കേരളത്തിലെ ഗ്രാമങ്ങളെ അടുത്തറിയാനുള്ള പദ്ധതികളുമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഷോയുടെ ഭാഗമായി കേരളീയ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്, തെയ്യം തുടങ്ങിയവയും അരങ്ങേറി.

Advertisement
Advertisement