ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

Saturday 18 February 2023 12:19 AM IST
ജുനൈദ്

ആലുവ: ഓൺലൈൻ വ്യാപാരത്തിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുതിയപുരയിൽ ജുനൈദിനെയാണ് (25) എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റുചെയ്തത്.

പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ യുവാവിന്റെ പക്കൽനിന്ന് സംഘം 2.70 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. ഓൺലൈനിൽ പാർട്ട്‌ടൈം ജോലി എന്ന മെസേജിൽവന്ന ലിങ്കിൽക്കയറി വിവരങ്ങൾ കൈമാറുകയാണ് യുവാവ് ചെയ്തത്. വലിയ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെ വെർച്വൽ ഷോപ്പിംഗ് നടത്തി വരുമാനമുണ്ടാക്കാം എന്നതായിരുന്നു വാഗ്ദാനം. ഇങ്ങനെ പണം നൽകി. ഷോപ്പിംഗ് നടത്തുന്ന ഉത്പന്നങ്ങൾ സൈറ്റിൽത്തന്നെ വില്പനയ്ക്ക് വയ്ക്കും. ഇത് വിറ്റുകിട്ടുന്ന തുകയുടെ ലാഭവും കമ്മീഷനും ഉൾപ്പെടെ വൻതുക ലഭിക്കുമെന്നായിരുന്നു യുവാവിനെ അറിയിച്ചത്. വിറ്റ ഉത്പന്നങ്ങളുടെ ലാഭങ്ങളുടെ കണക്ക് തട്ടിപ്പ് സംഘം കൈമാറിക്കൊണ്ടിരുന്നു. ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വൻതുക ടാക്‌സായി നൽകാൻ ആവശ്യപ്പെട്ടു. തുടർന്നാണ് തട്ടിപ്പാണെന്ന് മനസിലായത്. അപ്പോഴേക്കും യുവാവിന് ലക്ഷങ്ങൾ നഷ്ടമായിരുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജുനൈദ് പിടിയിലാകുന്നത്. ഇയാളുടെ അക്കൗണ്ടിലൂടെ എഴുപത് ലക്ഷത്തോളം രൂപയുടെ വിനിമയം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്‌പെക്ടർ എം.ബി. ലത്തീഫ്, എസ് ഐ .പി.എൻ. പ്രസാദ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എസ്.പി പറഞ്ഞു.