ആദിവാസി യുവാവിന്റെ മരണം: കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് 'പിണറായി ഭരണത്തിൽ ആദിവാസികൾ വേട്ടയാടപ്പെടുന്നു'

Saturday 18 February 2023 12:11 AM IST
ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം അട്ടിമറിക്കുന്ന പൊലീസിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും പട്ടികവർഗമോർച്ച കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പിണറായി ഭരണത്തിൽ ആദിവാസികൾ വേട്ടയാടപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്. ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം അട്ടിമറിക്കുന്ന പൊലീസിനെതിരെയും സംസ്ഥാന സർക്കാറിനെതിരെയും കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് പട്ടികവർഗ മോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുകയും വേണം. അട്ടപ്പാടിയിലെ മധുവിന്റേതിന് സമാനമായ കേസാണ് വിശ്വനാഥന്റേത്. കേരളം ആൾക്കൂട്ടകൊലപാതകങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് കേരളത്തിൽ രക്ഷയില്ല. അമ്പലവയലിൽ കുരുമുളക് പറിച്ചതിന് കൂലി ചോദിച്ചതിന് ആദിവാസി യുവാവിന്റെ മുഖത്ത് ചവിട്ടി എല്ല് പൊട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചു. ആദിവാസി വേട്ട നടത്തുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്നും പി.രഘുനാഥ് പറഞ്ഞു. എസ്.ടി.മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ , ടി.പി സുരേഷ് , സതീഷ് പാറന്നൂർ, കെ. പ്രമോദ് കുമാർ, കെ.അജയൻ, രാജു കാക്കൂർ, ടി.കെ.ഭരതൻ, സി.എ.ബാബു. തുടങ്ങിയവർ പ്രസംഗിച്ചു.